ബെർലിൻ: ജർമനിയിൽ ബെർലിന് പുറത്ത് 15ാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട ഒരു പടുകൂറ്റൻ പുരാതന കോട്ടയായ റെയിൻസ്ബർഗ് പാലസ്. രണ്ട് മാസമായി ഇതിന്റെ താഴത്തെ നിലയിൽ പുറത്തിറങ്ങാൻ കഴിയാത്ത വണ്ണം കുടുങ്ങിക്കിടക്കുകയാണ് ഓർക്വെസ്റ്റ എക്സ്പിരിമെന്റൽ ഡി ഇൻസ്ട്രുമെന്റോസ് നേറ്റീവോസ് എന്ന ബൊളീവിയൻ പാൻ ഫ്ലൂട്ട് ഓർക്കസ്ട്ര സംഘം. 20 പേരാണ് ഓർക്കസ്ട്രാ സംഘത്തിലുള്ളത്.
ചുറ്റും വെള്ളം നിറഞ്ഞ കിടങ്ങുള്ള ഈ കോട്ടയിൽ പുരാതന ജർമൻ ഭരണാധികാരികൾ ജീവിച്ചിരുന്നു. മേർസ്മ്യൂസിക് ഫെസ്റ്റിവലിൽ പങ്കെടുക്കാനായി മാർച്ച് 10നാണ് സംഘം ഇവിടെയെത്തിയത്. അതേ ദിവസം, തന്നെ ജർമനിയിൽ കൂട്ടംകൂടൽ നിരോധിക്കുകയും ഒട്ടും വൈകാതെ തന്നെ രാജ്യം സമ്പൂർണ ലോക്ക്ഡൗണിലാകുകയും ചെയ്തു. ഒരാഴ്ചയ്ക്കുള്ളിൽ ബൊളീവിയ തങ്ങളുടെ അതിർത്തികളെല്ലാം അടച്ചു. ഒടുവിൽ ഓർക്കസ്ട്രാ സംഘം ഈ കോട്ടയിൽ അകപ്പെട്ടു പോകുകയായിരുന്നു. 600 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന കൂറ്റൻ എസ്റ്റേറ്റിന്റെ മദ്യത്താണ് കോട്ട. ചുറ്റും ചെന്നായകളുള്ള പൈൻമരക്കാടാണ്. ! ഇതെല്ലാം കൂടാതെ മറ്റൊരു പ്രത്യേകത കൂടി കോട്ടയ്ക്കുണ്ട്. 17ാം നൂറ്റാണ്ടിൽ ഇവിടം ഭരിച്ചിരുന്ന മഹാനായ ഫ്രെഡറിക് ചക്രവർത്തിയുടെ പ്രേതം ഇവിടെ അലഞ്ഞുതിരിഞ്ഞ് നടപ്പക്കുന്നുണ്ടത്രെ. !
രണ്ട് മാസമായി ഇവിടെ കഴിയുകയാണെങ്കിലും ഇതേ വരെ പ്രേതത്തിന്റെ യാതൊരു ശല്യവും ഇവർക്ക് നേരെ ഉണ്ടായിട്ടില്ല. ദിവസം ആറു മണിക്കൂറോളം പ്രാക്ടീസ് ചെയ്താണ് ഇവർ സമയം ചെലവഴിക്കുന്നത്. പിന്നെ കാൽപന്തുകളിച്ചും. പുറത്തേക്കൊക്കെ വെറുതെ ചെറിയ നടത്തവുമൊക്കെയായി ഓരോ ദിവസവും കടന്നുപോകുന്നു. കോട്ടയ്ക്കടുത്തുള്ള പ്രദേശവാസികളും മ്യൂസിക് ഫെസ്റ്റിവലിന്റെ സംഘാടകരും ഇവർക്ക് ഭക്ഷണവും മറ്റും എത്തിക്കുന്നുണ്ട്. സഹായത്തിന് ഇടയ്ക്ക് മാസ്കുകൾ ഒക്കെ ധരിച്ച ജോലിക്കാർ വന്നുപോകുന്നുണ്ട്.
ജർമനി അന്താരാഷ്ട്ര വിമാന സർവീസുകൾ അനുവദിക്കുന്നുണ്ടെങ്കിലും ബൊളീവിയ ഇതേവരെ തങ്ങളുടെ അതിർത്തി തുറന്നിട്ടില്ല. ജൂൺ ആദ്യത്തോടെ ഓർക്കസ്ട്രാ അംഗങ്ങളെ മാഡ്രിഡ് വഴി ബൊളീവിയയിലെത്തിക്കുമെന്നാണ് ജർമനിയിലെ ബൊളീവിയൻ എംബസി പറയുന്നത്. മാസം 35,000 ഡോളറാണ് ഈ കോട്ടയിൽ തങ്ങുന്നതിന് വേണ്ടി വരുന്ന ചെലവ്. ഇപ്പോൾ രണ്ട് മാസത്തിലേറെയായി ഓർക്കസ്ട്ര സംഘം ഇവിടെ താമസിക്കാൻ തുടങ്ങിയിട്ട്. ചെലവുകൾ മ്യൂസിക് ഫെസ്റ്റിവൽ സംഘാടകർ തന്നെ വഹിക്കുമെന്നാണ് അറിയാൻ കഴിയുന്നത്.