കല്ലമ്പലം: നാവായിക്കുളം,മടവൂർ,ഒറ്റൂർ പഞ്ചായത്തുകളിൽ ഓരോരുത്തർക്കു വീതം കൊവിഡ് സ്ഥിരീകരിച്ചു. ഇവർ പുറത്തുള്ളവരുമായി സമ്പർക്കം പുലർത്തിയിട്ടില്ല എന്നതിനാൽ ആശങ്കപ്പെടെണ്ടതില്ലെന്ന് വി. ജോയി എം.എൽ.എ അറിയിച്ചു. കഴിഞ്ഞ 24 ന് മസ്‌കറ്റിൽ നിന്നുവന്ന ഒറ്റൂർ വടശ്ശേരിക്കോണം സ്വദേശിയായ അമ്പത്താറുകാരനെ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചുതന്നെ രോഗ ലക്ഷണങ്ങളെ തുടർന്ന് ക്വാറന്റൈനിലാക്കുകയായിരുന്നു. കഴിഞ്ഞ 23 ന് ഒമാനിൽ നിന്നുവന്ന അറുപത്തഞ്ചുകാരനായ നാവായിക്കുളം ഇടപ്പണ സ്വദേശിക്കും ക്വാറന്റൈനിൽ കഴിയവെയാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 15 ന് സ്ത്രീകളും കുട്ടികളുമടക്കം മുംബയിൽ നിന്നു വന്ന മടവൂർ ചാങ്ങയിൽകോണത്തെ ഒരുകുടുംബത്തിലെ നാലുപേരിൽ ഒരാൾക്കാണ് കൊവിഡ് റിപ്പോർട്ട് ചെയ്തത്. ഇദ്ദേഹത്തെ ഐസൊലേഷനിലും മറ്റു മൂന്നുപേരെ തിരുവനന്തപുരം കൊവിഡ് സെന്ററിലേക്കും മാറ്റി. ഇവർ വീടിനുള്ളിൽ ക്വാറന്റൈനിലായിരുന്നു. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പൂർണമായും പാലിച്ചിരുന്നതായും ഇവർ മറ്റാരുമായും സമ്പർക്കത്തിലേർപ്പെട്ടിരുന്നില്ലെന്നും ആരോഗ്യ പ്രവർത്തകർ അറിയിച്ചു. ഇവരോടൊപ്പം വാഹനത്തിൽ യാത്ര ചെയ്തിരുന്ന പത്തനംതിട്ട സ്വദേശിയെ വിവരമറിയിച്ചിട്ടുമുണ്ട്. പൊതുജനങ്ങൾ അസത്യ പ്രചരണങ്ങളിൽ കുടുങ്ങരുതെന്നും നിലവിലത്തെ സ്ഥിതിയിൽ ഭയപ്പെടേണ്ടതില്ലെന്നും എം.എൽ.എ പറഞ്ഞു.