orange

വണ്ണക്കൂടുതൽ കാരണം നിങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കിൽ അടുത്തുള്ള പഴക്കടയിലേക്കു വിട്ടോളൂ. എന്നിട്ട് നല്ല പഴുത്ത ഓറഞ്ച് നോക്കി വാങ്ങൂ. ഓറഞ്ചിന് അമിതവണ്ണം കുറയ്ക്കാനുള്ള കഴിവുണ്ടെന്നാണ് പുതിയ പ‌ഠനങ്ങൾ തെളിയിക്കുന്നത്. ടൊറന്റോയിലെ ജേണൽ ഓഫ് ലിപിഡ് റിസേർച്ചിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധപ്പെടുത്തിയത്. പഴുത്ത ഓറഞ്ചിൽ ധാരാളമടങ്ങിയിരിക്കുന്ന നൊബിൽടിൻ എന്ന ഘടകത്തിനാണ് അമിതവണ്ണം കുറയ്ക്കാനുള്ള കഴിവുള്ളത്.

എലികളിൽ നടത്തിയ പരീക്ഷണത്തിനു ശേഷമാണ് മനുഷ്യരിലും ഓറഞ്ച് വണ്ണം കുറയ്ക്കലിന് ഫലപ്രദമാണെന്ന് കണ്ടെത്തിയത്. പരീക്ഷണത്തിനു തിരഞ്ഞെടുത്ത എലികൾക്ക് ഫാറ്റ്, കൊളസ്ട്രോൾ എന്നിവ ധാരാളമടങ്ങിയ ഡയറ്റ് ആണ് നൽകിയിരുന്നത്. ഇവയിൽ ഒരു വിഭാഗത്തിന് നെബിൽടിൻ കൂടി ആഹാരക്രമത്തിൽ ഉൾപ്പെടുത്തി. ഇവയ്ക്ക് മറ്റേ വിഭാഗത്തിലെ എലികളുടെ അത്ര അമിതവണ്ണം ഉണ്ടായില്ലെന്ന് കണ്ടെത്തി.

എന്നാൽ നെബിൽടിൻ കൊടുക്കാതിരുന്ന എലികൾക്ക് കൊളസ്ട്രോളും ഫാറ്റും ധാരാളമടങ്ങിയ ഭക്ഷം കഴിച്ചതുമൂലം പൊണ്ണത്തടി പിടിപെടുകയും ചെയ്തു. ഇവയുടെ ശരീരത്തിൽ ഇൻസുലിൻ ഹോർമോണുകളുടെ പ്രവർത്തനവും മന്ദഗതിയിലായിരുന്നെന്നും വ്യക്തമായി. ഇവയുടെ രക്തധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടി അതിരോസ്ക്ലീറോസിസ് എന്ന രോഗാവസ്ഥയും ബാധിച്ചതായി കണ്ടെത്തി.

കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഒൺടാരിയോയിൽ ആണ് ഓറഞ്ചും അമിതവണ്ണവും സംബന്ധിച്ച ബന്ധത്തെക്കുറിച്ചുള്ള പഠനം നടന്നത്. അമിതമായ കൊഴുപ്പിനെ ഓറഞ്ചിൽ അടങ്ങിയ നൊബിൽടിൻ എന്ന ഘടകം ഇല്ലാതാക്കാൻ സഹായിക്കും. ജ്യൂസ് രൂപത്തിലും ഓറഞ്ച് കഴിക്കാം. പക്ഷേ അമിതമായി മധുരം ചേർത്തു തയാറാക്കുന്ന ജ്യൂസ് പ്രതീക്ഷിച്ച പ്രയോജനം തരില്ല. മാത്രമല്ല, ശരീരത്തിലെ ഷുഗർനില ഉയർത്തുകയും ചെയ്യും. കിടക്കുന്നതിനു തൊട്ടുമുൻപ് ഓറഞ്ച് കഴിക്കരുത്. ഇത് അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങൾക്കു കാരണമായേക്കും.