തിരുവനന്തപുരം: ആലുവയിൽ സിനിമാ സെറ്റ് നശിപ്പിച്ചവർക്കെതിരെ ശക്തവും ഫലപ്രദവുമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വർഗീയ ശക്തികൾക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളം. ലക്ഷങ്ങൾ മുടക്കി കഴിഞ്ഞ മാർച്ചിൽ നിർമ്മിച്ച സെറ്റ് കൊവിഡ് കാരണം ഷൂട്ടിംഗ് നീണ്ടുപോയതിനാൽ അവിടെ നിലനിന്നിരുന്നു. അതാണ് ബജ്‌റംഗ്‌ദൾ എന്നൊരു കൂട്ടർ വന്ന് പൊളിച്ചത്. അതിന്റെ ജനറൽസെക്രട്ടറിയെന്ന് സ്വയം പരിചയപ്പെടുത്തിയയാൾ തന്നെ ഫേസ്ബുക്കിൽ പോസ്റ്റിട്ടതും വായിച്ചു. അടുത്തകാലത്തായി ചില ശക്തികൾ വർഗീയവികാരം ഇളക്കിവിട്ട് സിനിമാരംഗത്തെ കടന്നാക്രമിക്കുകയും ഷൂട്ടിംഗുകൾ തടസപ്പെടുത്തുകയും ചെയ്തു. ഒരു വിഭാഗം വർഗീയശക്തികൾ ചെയ്യുന്ന പ്രവർത്തികളെ രാജ്യവും ജനതയും അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിജിലൻസ് സ്വതന്ത്രം തിരുവനന്തപുരം: വിജിലൻസ് വകുപ്പ് സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ വിവാദ തീരുമാനങ്ങളുമായി ബന്ധപ്പെട്ട് ഓരോ വകുപ്പും പരിശോധന നടത്തി വേണ്ട നടപടികളെടുത്തിട്ടുണ്ട്. റീബിൽഡ് കേരള പ്രവർത്തനങ്ങൾ നല്ല രീതിയിലാണ്. വയനാട് സമാന്തരപാതയും ചങ്ങനാശ്ശേരി- ആലപ്പുഴ പാതയുമെല്ലാം ഫലപ്രദമായി നടക്കുന്നു. സ്കൂൾ യൂണിഫോം കൈത്തറി വഴിയാക്കിയത് മേഖലയ്ക്ക് സഹായകമായി. യൂണിഫോം നിർമ്മിക്കുമ്പോൾ തന്നെ പണം നൽകാൻ നബാർഡുമായി ധാരണയായി. കേന്ദ്രത്തിന്റെ പുതിയ നയമനുസരിച്ചുള്ള സഹായം ലഭിച്ചാൽ പൂട്ടിക്കിടക്കുന്ന സ്വകാര്യ കശുഅണ്ടി ഫാക്ടറികളും തുറക്കാം. കയർ രംഗത്തും സമൂലമാറ്റമാണ്. വൻനഗരങ്ങളിലെ മാലിന്യപ്രശ്നം പരിഹരിക്കാൻ കേന്ദ്രീകൃത പ്ലാന്റുകൾ വേണം. ചില പ്രദേശങ്ങൾ കണ്ടെത്തി. ചിലത് പെട്ടെന്ന് തുടങ്ങാനാവും. വിളപ്പിൽശാലയുടെയൊക്കെ അനുഭവം കണ്ട് ചിലർ ആശങ്ക പറയുന്നുണ്ട്. ഇത് കത്തിച്ച് അപ്പോൾതന്നെ വൈദ്യുതിയുണ്ടാക്കുന്നതാണ്. ദുർഗന്ധമുണ്ടാവില്ല.