കാട്ടാക്കട: സ്വയം പര്യാപ്തം എന്റെ കാട്ടാക്കട പദ്ധതിയുടെ ഭാഗമായി കാട്ടാക്കട മണ്ഡലത്തിലെ പഞ്ചായത്തുകളിൽ ഇന്ന് മുതൽ വിത്ത് ചന്തകൾ സംഘടിപ്പിക്കും. ജൈവസമൃദ്ധി പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനമെന്ന നിലയിൽ വരുന്ന ഓണക്കാലത്തിന് ആവശ്യമായ പച്ചക്കറികളും മറ്റു ഉത്പന്നങ്ങളും മണ്ഡലത്തിൽ തന്നെ ഉത്പാദിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇതിനായി മണ്ഡലത്തിലെ 6 പഞ്ചായത്തുകളിലായി 96 ഹെക്ടർ പ്രദേശം കണ്ടെത്തി വാർഡ്തല യോഗങ്ങൾ സംഘടിപ്പിച്ചു. ഈ സ്ഥലങ്ങളിലേക്ക് ആവശ്യമായ ഗുണമേന്മയുള്ള വിത്തുകളും നടീൽ വസ്തുക്കളും കർഷകർക്ക് ന്യായമായ വിലയിൽ ലഭ്യമാക്കുന്നതിനായിട്ടാണ് വിത്ത് ചന്തകൾ സംഘടിപ്പിക്കുന്നത്.

കർഷകർക്ക് ഗുണമേന്മയുള്ള വിത്തുകൾ പരസ്പരം കൈമാറുന്നതിനും ആവശ്യക്കാർക്ക് ന്യായവിലയിൽ വിത്തുകൾ വാങ്ങുന്നതിനും ഇതിലൂടെ സാധിക്കും. വിത്തുകളും നടീൽ വസ്തുക്കളും വിൽക്കാൻ ആഗ്രഹിക്കുന്നവരും വിത്തും നടീൽ വസ്തുക്കളും ആവശ്യമുള്ളവരും അതത് പഞ്ചായത്തിലെ കൃഷി ഓഫീസർമാരുമായി മുൻകൂട്ടി ബന്ധപ്പെടണം. കാട്ടാക്കട, മാറനല്ലൂർ, വിളപ്പിൽ, പള്ളിച്ചൽ പഞ്ചായത്തുകളിൽ ഇന്നും വിളവൂർക്കൽ പഞ്ചായത്തിൽ 30നും മലയിൻകീഴ് പഞ്ചായത്തിൽ ജൂൺ ഒന്നിനുമാണ് വിത്ത് ചന്തകൾ പ്രവർത്തിക്കുക. കാട്ടാക്കട, മാറനല്ലൂർ പഞ്ചായത്തുകളിൽ കൃഷി ഓഫീസിന് മുന്നിലും, പള്ളിച്ചൽ പഞ്ചായത്തിൽ ബംഗ്ലാവ് മന്ദിരത്തിലും, വിളപ്പിൽ, വിളവൂർക്കൽ, മലയിൻകീഴ് പഞ്ചായത്തുകളിൽ പഞ്ചായത്ത് ഓഫീസിന് മുന്നിലുമാണ് വിത്ത് ചന്ത ചേരുന്നത്. സുഭിക്ഷ കേരളത്തിനായി കാർഷിക സ്വയംപര്യാപ്ത മണ്ഡലം എന്ന ലക്ഷ്യം സാദ്ധ്യമാകുംവിധം എല്ലാതരം കൃഷി രീതികളും അവലംബിച്ച് മണ്ഡലത്തിന് ആവശ്യമായ കാർഷിക ഉത്പന്നങ്ങൾ മണ്ഡലത്തിൽ തന്നെ ഉത്പാദിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ഐ.ബി. സതീഷ് എം.എൽ.എ അറിയിച്ചു. ഇതിനാവശ്യമായ ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ ലഭ്യമാക്കുന്നതിനാണ് വിത്ത് ചന്തകൾ നടത്തുന്നത്. നിലവിലെ നിയന്ത്രണങ്ങൾ പാലിച്ച് ഈ സേവനം പ്രയോജനപ്പെടുത്തണമെന്ന് ഐ.ബി. സതീഷ്.എം.എൽ.എ അറിയിച്ചു.