nove-l

കിളിമാനൂർ: നിനച്ചിരിക്കാതെ ദുരിതങ്ങൾ ഒന്നൊന്നായി എത്തിയതോടെ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് മുൻ ദേശീയ ഡെക്കാത്ത്ലൺ താരത്തിന്റെ ജീവിതം കൂടുതൽ പ്രതിസന്ധിയിലായി. കിളിമാനൂർ പൊരുന്തമൺ സ്വദേശിയായ നഗരൂർ മാടപ്പാട് ആനത്തോട്ടത്ത് വീട്ടിൽ നോവൽ രാജ് (64) ആണ് ജീവിത പ്രാരാബ്ധങ്ങളിൽ ഉഴലുന്നത്. സ്കൂൾ തലം മുതൽ മികവ് പ്രകടിപ്പിച്ച നോവൽ രാജ് നിലമേൽ എൻ.എസ്.എസ് കോളേജിലും തന്റെ കഴിവുകൾ പ്രകടിപ്പിച്ചിരുന്നു. പ്രീഡിഗ്രി കഴിഞ്ഞ ശേഷം പഠനം നിറുത്തി പിതാവിന്റെ ബിസിനസിൽ സഹായിക്കാനിറങ്ങിയെങ്കിലും അത് തകർന്നു.1998 ൽ പോസ്റ്റൽ ഡിപ്പാർട്ട്മെന്റിൽ ജി.ഡി.എസ് ആയി പ്രവേശിച്ച നോവൽരാജ് ജോലിക്കൊപ്പം കായിക രംഗത്തും ശ്രദ്ധ ചെലുത്തിയിരുന്നു. 2001-02 ൽ സെക്കന്താറാബാദിൽ നടന്ന 17-ാമത് പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് അഖിലേന്ത്യാ അത്‌ലറ്റിക് മീറ്റിൽ ഡെക്കാത്ത്ലണിൽ രണ്ടാം സ്ഥാനം നേടി.നാഷണൽ ചാമ്പ്യൻഷിപ്പിലും മൂന്നാം സ്ഥാനം ലഭിച്ചിരുന്നു. 2019 ൽ ജി.ഡി.എസ് പോസ്റ്റ് മാസ്റ്ററായി റിട്ടയർ ചെയ്തത നോവൽ രാജിനെ ഇതിനിടെ ദുരന്തങ്ങൾ പിന്തുടരുകയായിരുന്നു. 2001ൽ ഭാര്യ സരളാ രാജ് ഒരു ആൺകുഞ്ഞിന് ജന്മം നൽകിയെങ്കിലും രണ്ടാം മാസം കുഞ്ഞ് മരിക്കുകയും പിന്നീട് ആരോഗ്യ തകരാറ് കാരണം മറ്റൊരു കുഞ്ഞിന് ജന്മമേകാൻ കഴിയാതെയുമായി. ഇതിനിടെ 2014ൽ നോവൽ രാജിന് പക്ഷാഘാതത്തെ തുടർന്ന് വലത് കാലും കൈയും തളർന്നു. വൻ തുക ചെലവിട്ട് നടത്തിയ ചികിത്സയെ തുടർന്ന് നടക്കാവുന്ന സ്ഥിതിയായി. ഇതിനിടെ ഭാര്യയ്ക്കും പക്ഷാഘാതം സംഭവിച്ച് വലതു കൈയും കാലും തളർന്നു.ചികിത്സയെ തുടർന്ന് ഭാര്യയ്ക്കും വടിയുടെ സഹായത്തോടെ നടക്കാമെന്നായി. ആകെയുള്ള കൃഷിയിടത്തിൽ കാർഷിക വൃത്തി നടത്തി ഉപജീവനത്തിന് മാർഗം തേടുന്നതിനിടെ അടുത്തിടെയുണ്ടായ കാറ്റിലും മഴയിലും വൻ കൃഷി നാശവുമുണ്ടായി. മരങ്ങൾ വീണ് വീടും ഭാഗികമായി തകർന്നതോടെ കുടുംബം കഷ്ടപ്പാടിലായിരിക്കയാണ്. ദേശീയ തലത്തിൽ സമ്മാനങ്ങൾ നേടിയിട്ടും അവശ കായിക താരങ്ങൾക്കുള്ള പെൻഷൻപോലും ലഭിക്കുന്നില്ലെന്ന് നോവൽ രാജ് പറയുന്നു.