വിതുര: തൊളിക്കോട് വിതുര പഞ്ചായത്തുകളിലെ ജലക്ഷാമം പരിഹരിക്കുന്നതിനായി ആവിഷ്കരിച്ച വിതുര തൊളിക്കോട് കുടിവെള്ള പദ്ധതി ഉടൻ പൂർത്തിയാക്കുമെന്ന് തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംന നവാസ് അറിയിച്ചു. പദ്ധതിയുടെ ആദ്യഘട്ട നിർമ്മാണങ്ങൾ പൂർത്തിയായി ശേഷം രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ നബാർഡിൽ ഉൾപ്പെടുത്തി 31 കോടി അഞ്ച് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി പാക്കേജ് ഒന്നിൽ ഉൾപ്പെട്ട പ്രവർത്തനങ്ങൾക്ക് 12 കോടി ആറ് ലക്ഷം രൂപ വിനിയോഗിക്കും. രണ്ടാം പാക്കേജിൽ 25 കോടി 36 ലക്ഷം രൂപയുടെ ടെൻണ്ടർ നടപടികൾ പൂർത്തിയാക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. തൊളിക്കോട് വിതുര പഞ്ചായത്തുകളിൽ വേനൽക്കാലമായാൽ അതിരൂക്ഷമായ ജലക്ഷാമമാണ് അനുഭവപ്പെടാറുള്ളത്. വേനൽ രൂക്ഷമായി ജലസ്രോതസ്സുകൾ വറ്റിയാൽ വാമനപുരം നദിയും മറ്റ് ചെറുനീർച്ചാലുകളുമാണ് ഇവരുടെ ആശ്വാസം. മിക്ക കുടുംബങ്ങൾക്കും കുടിവെള്ളത്തിനായി ഒരുപാട് ദുരം സഞ്ചരിക്കേണ്ടതായി വരും. കുടിനീരിനായി അനവധി സമരങ്ങളും ഇവിടെ അരങ്ങേറാറുണ്ട്. ഈ മേഖലയിലെ കുടിവെള്ള ക്ഷാമവുമായി ബന്ധപ്പെട്ട് കേരള കൗമുദി മുൻപ് വാർത്തകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എട്ട് വർഷം മുൻപ് അനുവദിച്ച വിതുര തൊളിക്കോട് പദ്ധതിയിൽ വിതുര പഞ്ചായത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ ഏകദേശം പൂർണമായി. പദ്ധതി യാഥാർത്യമാകുന്നതോടെ വിതുര,​ തൊളിക്കോട് പഞ്ചായത്തുകളിലെ കുടവെള്ള പ്രശ്നത്തിന് പരിഹാരമാകും.

രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഒന്നാം പാക്കേജിൽ തൊളിക്കോട് പച്ചമലയിൽ 1.67 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്ക്, പച്ചമല മേലെ തൊളിക്കോട് ക്ലിയർ പമ്പിങ് വാട്ടർ ലൈൻ, മേലെ തൊളിക്കോട് രണ്ടു ലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള ടാങ്ക്, ടാങ്കുകളിലേക്കുള്ള പൈപ്പ് ലൈൻ, പച്ചമല ടാങ്കിലേക്കുള്ള പമ്പ്, പൈപ്പ് ലൈൻ, വിതുര പഞ്ചായത്തിൽ കുണ്ടാളംകുഴിയിലേക്ക് ഒരു ലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള ടാങ്ക്, പൈപ്പ് ലൈൻ, പമ്പ് സെറ്റ് എന്നിവ ഉൾപ്പെടും. പാക്കേജ് രണ്ടിൽ തോട്ടുമുക്ക്‌ കൊല്ലോട്ടുപാറയിൽ പണി പൂർത്തിയായ 16.2ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്കിൽ നിന്ന് 48.5ദൈർഖ്യമുള്ള കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി 13കോടി 30ലക്ഷം രൂപയും, ചേർത്ത് 25കോടി 36ലക്ഷം രൂപയുടെതാണ് ടെൻഡർ നടപടികൾ.