general

ബാലരാമപുരം: ദേശീയപാതാവികസനത്തിന്റെ ഭാഗമായി കൊടിനട മുതൽ ബാലരാമപുരം വരെ ഭൂമി നൽകുന്നവർക്കുള്ള നഷ്ടപരിഹാരം വൈകുന്നതിനെതിരെ പ്രതിഷേധവുമായി വ്യാപാരികൾ. നഷ്ടപരിഹാര വിതരണം വൈകുന്നതുകാരണം ഈ ഭാഗത്തെ റോഡ് വികസനവും ഭാഗികമായി തടസപ്പെട്ടിരിക്കുകയാണ്. കൊടിനട മുതൽ ബാലരാമപുരം വരെ റോഡിന്റെ ഒരു ഭാഗം ഒഴിവാക്കിയാണ് നിലവിൽ നിർമ്മാണം പുരോഗമിക്കുന്നത്. നാല് വർഷം മുമ്പ് ബിജു പ്രഭാകർ കളക്ടറായിരിക്കെ എ കാറ്റഗറിയിലുൾപ്പെടുത്തി സ്ഥലങ്ങൾ സർക്കാർ ഏറ്റെടുത്തിരുന്നു. ഇതിൽ ദേശീയപാതയുടെ ഒരു ഭാഗത്തെ സ്ഥലമേറ്റെടുത്ത് നഷ്ടപരിഹാരം നൽകി ടാറിംഗ് നടപടികൾ പുരോഗമിക്കുന്നെങ്കിലും ശ്രീമൂകാംബിക ഷോപ്പിംഗ് കോംപ്ലക്‌സ് സ്ഥിതി ചെയ്യുന്ന റോഡിന്റെ വലതു ഭാഗത്തെ കച്ചവടക്കാർക്കും ഭൂവുടമകൾക്കും നഷ്ടപരിഹാരത്തുക കൈമാറിയിട്ടില്ല. അന്തിമ വ്യവസ്ഥകൾ പ്രകാരം സ്ഥലമേറ്റെടുത്ത് നഷ്ടപരിഹാരം കൈമാറിയതിനു ശേഷം മാത്രമേ നിർമ്മാണം പാടുള്ളൂവെന്നാണ് വ്യാപാരികളുമായി ജില്ലാ പർച്ചേസ് കമ്മിറ്റി നടത്തിയ ചർച്ചയിൽ തീരുമാനിച്ചത്. എന്നാൽ ഇതിന് വിരുദ്ധമായാണ് കരിങ്കൽഭിത്തിയുൾപ്പെടെയുള്ള നിർമ്മാണം നടക്കുന്നത്. കച്ചവടം തടസപ്പെടുന്ന രീതിയിൽ കരിങ്കൽക്കെട്ട് നിർമ്മിച്ചതിനെതിരെ വ്യാപാരികൾ ദേശീയപാത എക്‌സിക്യൂട്ടീവ് എൻജിനിയർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയെങ്കിലും ഇതുവരെ അനുകൂല നടപടിയുണ്ടായില്ല.

ഓട അപ്രത്യക്ഷമായി... കടകൾക്ക്
മുന്നിൽ വെള്ളക്കെട്ട്

ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ബാലരാമപുരം മുതൽ കൊടിനട വരെയുള്ള ഭാഗത്ത് ഓടയും കോൺക്രീറ്റ് സ്ലാബുകളും ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്‌തതും വ്യാപാരികൾക്ക് വിനയായി. ഇതോടെ ഓടയിലൂടെയുള്ള മലിനജലം ശ്രീമൂകാംബിക ഷോപ്പിംഗ് കേംപ്ലക്‌സിനു മുന്നിൽ വെള്ളക്കെട്ടായി മാറിയത് കച്ചവടത്തെയും ബാധിച്ചു. കനത്ത മഴയിൽ ഇവിടെ വെള്ളക്കെട്ട് ആയതോടെ സാധനം വാങ്ങാനെത്തുന്നവർക്ക് തിരികെ മടങ്ങേണ്ടിവരുന്നു. ലോക്ക് ഡൗൺ നിയന്ത്രണങ്ങിലെ ഇളവിനെ തുടർന്ന് 51 ദിവസങ്ങൾക്ക് ശേഷമാണ് കൊടിനട ഭാഗത്തെ രത്നകല ജുവലേഴ്സ് ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾ തുറന്നത്.

നഷ്ടപരിഹാരം നൽകണമെന്ന് വ്യാപാരികൾ


പ്രമാണപരിശോധനയും വിലനിർണയും നടത്തി സ്ഥലമേറ്റെടുപ്പ് നടപടികൾ ആരംഭിച്ച് നാല് വർഷം കഴിഞ്ഞിട്ടും നഷ്ടപരിഹാരത്തുക കൈമാറാത്തത് വ്യാപാരികളോടുള്ള സർക്കാരിന്റെ അവഗണനയാണ്. വ്യാപാരികളുടെ അഭ്യർത്ഥന മാനിച്ച് കൊടിനട മുതൽ ബാലരാമപുരം വരെയുള്ള ഭൂവുടമകൾക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകി ദേശീയപാതാവികസനത്തിന് വ്യാപാരികളുടെ പങ്കാളിത്തം സർക്കാർ ഉറപ്പ് വരുത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ബാലരാമപുരം യൂണിറ്റ് പ്രസിഡന്റ് ഇ.എം. ബഷീർ,​ ജനറൽ സെക്രട്ടറി രത്നകല രത്നാകരൻ,​ ട്രഷറർ രാമപുരം മുരളി,​ രക്ഷാധികാരി എൻ.ഹരിഹരൻ എന്നിവർ ആവശ്യപ്പെട്ടു.

ഫോട്ടോ: ബാലരാമപുരം കൊടിനട ശ്രീമൂകാംബിക ഷോപ്പിംഗ് കോംപ്ലക്സിനു
മുൻവശത്ത് കടകൾക്ക് മുന്നിലായി നിർമ്മിച്ച കരിങ്കൽഭിത്തി