മാഡ്രിഡ് : യൂറോപ്പിൽ കൊവിഡ് ഏറ്റവും കൂടുതൽ നാശം വിതച്ച രാജ്യങ്ങളിൽ ഒന്നാണ് സ്പെയിൻ. രോഗികളുടെയും ദിനംപ്രതി മരിക്കുന്നവരുടെയും എണ്ണം കുറഞ്ഞതോടെ രണ്ട് മാസത്തോളമായി നടപ്പാക്കി വന്ന കടുത്ത നിയന്ത്രണങ്ങൾക്ക് സ്പെയിൻ ഘട്ടം ഘട്ടമായി ഇളവുകൾ നൽകാൻ തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി പല ഭാഗങ്ങളിലും ബാറുകളും മറ്റും പകുതി പേരെ മാത്രം ഉൾക്കൊള്ളിച്ച് കൊണ്ട് പ്രവർത്തനം ആരംഭിക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ ഇപ്പോൾ ബാറുകൾ തുറന്നതോടെ സ്പാനിഷ് തെരുവുകളിൽ അടിയും വഴക്കുമൊക്കെ ഉടലെടുത്തത് അധികൃതർക്ക് തലവേദനയാകുന്നു.
തെക്കൻ സ്പെയിനിലെ മലാഗയിലാണ് കഴിഞ്ഞ ദിവസം പരക്കെ ആക്രമണങ്ങൾ ഉണ്ടായത്. മലാഗയിലെ തെരുവുകളിൽ പബ്ബുകൾക്കും റെസ്റ്റോറന്റുകൾക്കും പുറത്ത് നിരവധി പേർ തമ്മിൽ സംഘർഷമുണ്ടായി. കൊവിഡും വൈറസും സാമൂഹ്യ അകലവുമെല്ലാം ഇവർ നിമിഷ നേരം കൊണ്ടാണ് മറന്നത്. ആക്രമണങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. ബാറുകളിൽ മദ്യപിച്ച് ലക്കുകെട്ട് കസേരകളും വേസ്റ്റ് ബിന്നുകളും എടുത്ത് പരസ്പരം അടിക്കുന്ന ചിലരുടെ വീഡിയോകളും പുറത്തു വന്നിട്ടുണ്ട്. രാത്രി മലാഗയിലെ തെരുവുകളിൽ അങ്ങോളമിങ്ങോളം മദ്യപസംഘത്തിന്റെ ആക്രമണങ്ങൾ ഉണ്ടായത് പൊലീസിനും തലവേദനയായി. മദ്യപിച്ച് ബോധമില്ലാതെ ചിലർ റോഡുകളിൽ കിടക്കുന്നതായും മഗാഗയിലെ പ്രദേശവാസികൾ പരാതി ഉയർത്തി. സ്പെയിനിൽ നാല് ഘട്ടങ്ങളായാണ് ലോക്ക് ഡൗൺ പിൻവലിക്കാൻ ഉദ്ദേശിക്കുന്നത്. ഇതിൽ ഒന്നാംഘട്ട ഇളവുകളിലാണ് മലാഗ ഇപ്പോൾ.
ഓപ്പൺ എയർ രീതിയിൽ 50 ശതമാനം ഉപഭോക്താക്കളെ മാത്രം ഉൾക്കൊള്ളിച്ചാണ് ബാറുകളും റെസ്റ്റോറന്റുകളും മറ്റും തുറക്കാൻ സ്പാനിഷ് സർക്കാർ അനുവദിച്ചിരിക്കുന്നത്. ആളുകൾക്ക് വ്യായാമത്തിനായി പുറത്തുപോകാനും കടകൾ തുറക്കാനും ഇപ്പോൾ അനുമതിയുണ്ട്. അതേസമയം, മാഡ്രിഡ്, ബാഴ്സലോണ തുടങ്ങിയ പ്രദേശങ്ങൾ ഇപ്പോഴും കടുത്ത നിയന്ത്രണങ്ങളിൽ തന്നെയാണ്. ഏത് നിമിഷവും സ്പെയിനിൽ കൊവിഡിന്റെ ശക്തമായ തിരിച്ചു വരവ് ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുണ്ട്. സ്പെയിനിൽ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികളെത്തുന്ന പ്രദേശങ്ങളിലൊന്നാണ് മലാഗ. 2019ൽ 13 ദശലക്ഷത്തിലേറെ ടൂറിസ്റ്റുകളാണ് മലാഗയിലെത്തിയതെന്നാണ് കണക്ക്. 282,852 പേർക്കാണ് സ്പെയിനിൽ ഇതേവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്. 28,752 പേർ മരിച്ചു. 74 പേരാണ് കഴിഞ്ഞ ദിവസം രാജ്യത്ത് മരിച്ചത്. 482 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.