കൊച്ചി: രാജ്യത്ത് 4ജി സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ പ്രമുഖ ടെലികോം കമ്പനികളായ വോഡഫോൺ, ഐഡിയ സർക്കിൾ അടിസ്ഥാനത്തിലുള്ള തങ്ങളുടെ പ്രവർത്തനങ്ങൾ ക്ലസ്റ്റർ തലത്തിലേക്കു പുനസംഘടിപ്പിക്കുന്നു. വിപണിയിൽ കൂടുതൽ സാദ്ധ്യതകൾക്ക് വേണ്ടിയാണ് ഇങ്ങനെ ഒരു മാറ്റം കൊണ്ടു വന്നിരിക്കുന്നത്.
പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു കാശ്മീർ , ലഡാക്, ഡെൽഹി, രാജസ്ഥാനും, യുപി ഈസ്റ്റും, യുപി വെസ്റ്റും, അസമും നോർത്ത് ഈസ്റ്റും, കൊൽക്കത്തയും ബംഗാളിന്റെ മറ്റു ഭാഗങ്ങളും, ഒഡീഷ, ബീഹാർ ഝാർഖണ്ഡ്, കർണാടക, ആന്ധ്രാ പ്രദേശും തെലുങ്കാനയും, കേരളവും തമിഴ്‌നാടും, മധ്യപ്രദേശും ഛത്തീസ്ഗഡും, ഗുജറാത്ത്, മുംബൈ, മഹാരാഷ്ട്രയും ഗോവയും ഉൾപ്പെടുന്നവയായിരിക്കും 10 ക്ലസ്റ്ററുകൾ.
വിവിധ പ്രവർത്തനങ്ങളും ബിസിനസും ഇതിന്റെ ഭാഗമായി കൂടുതൽ കാര്യക്ഷമത ലഭ്യമാക്കും വിധം പ്രത്യേക വിഭാഗങ്ങളിലേക്കു മാറ്റുമെന്നും സൂചനയുണ്ട്. 2020 ജൂണോടു കൂടി നെറ്റ്‌വർക്ക് സംയോജനം പൂർത്തിയാക്കുമെന്നാണ് അറിയിച്ചിരുന്നത്. ഈ ലക്ഷ്യം കൈവരിക്കുന്ന നിലയിലാണ് നീക്കങ്ങൾ നടക്കുന്നത്.
രണ്ടു വർഷം മുൻപ് ലയനം നടത്തിയ വോഡഫോൺ, ഐഡിയ തങ്ങളുടെ പ്രവർത്തനങ്ങളിലെ ഇരട്ടിപ്പ് ഇല്ലാതാക്കാനും ഉപഭോക്താക്കളുടെ ഉപയോഗം ലളിതമാക്കാനുമുള്ള ശ്രമങ്ങളിലായിരുന്നു. കഴിഞ്ഞ 12-18 മാസങ്ങളിൽ മുതിർന്ന തലങ്ങളിലുള്ളത് അടക്കം നിരവധി ഒഴിവുകൾ സ്ഥാനക്കയറ്റങ്ങളിലൂടെ നികത്തുകയും ചെയ്തിരുന്നു. ഡാറ്റ, വോയ്‌സ് എന്നിവ സംബന്ധിച്ച ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റും വിധമാണ് ഐഡിയ ,വോഡഫോണിന്റെ പ്രവർത്തനങ്ങൾ എന്നാണ് ഈ രംഗത്തെ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.