തിരുവനന്തപുരം: കുതിച്ചുകൊണ്ടിരിക്കുന്ന കൊവിഡിനെ പ്രതിരോധിക്കാൻ കേരളത്തിൻ്റെ സഹായം അഭ്യർത്ഥിച്ച് മഹാരാഷ്ട്ര സർക്കാർ. പരിചയസമ്പന്നരായ 50 ഡോക്ടർമാരെയും 100 നഴ്സുമാരെയും താത്ക്കാലികമായി വിട്ടു തരണമെന്നാണ് മഹാരാഷ്ട്ര സർക്കാർ കേരളത്തോട് അഭ്യർത്ഥിച്ചിരിക്കുന്നത്. ഇക്കാര്യം ഉന്നയിച്ച് മഹാരാഷ്ട്ര മെഡിക്കൽ എഡ്യുക്കേഷൻ ആന്റ് റിസർച്ച് ഡയറക്ടർ ഡോ. ടി. പി. ലഹാൻ ആരോഗ്യമന്ത്രി കെ കെ ശൈലജക്ക് കത്തയച്ചു.
മഹാരാഷ്ട്രയിൽ പൊതു, സ്വകാര്യ മേഖലയിലായി ഒന്നര ലക്ഷത്തോളം നഴ്സുമാരാണുള്ളത്. മുംബയിലും പൂനയിലും കൊവിഡ് പ്രതിരോധത്തിന് ആവശ്യമുള്ളത്ര ആരോഗ്യ പ്രവർത്തകരില്ലെന്നതാണ് മഹാരാഷ്ട്രയെ വിഷമവൃത്തത്തിലാക്കുന്നത്. മുംബയിലും പൂനെയിലും കൊവിഡ് വലിയ തോതിൽ പടർന്നു പിടിച്ചിട്ടുണ്ടെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. മുംബയിൽ കൊവിഡ് നിയന്ത്രണത്തിനായി തുടങ്ങാനിരിക്കുന്ന 600 ബെഡുള്ള ആശുപത്രിയിലേക്കാണ് ആരോഗ്യപ്രവർത്തകരുടെ സേവനം അഭ്യർത്ഥിച്ചിരിക്കുന്നത്.
എം.ബി.ബി.എസ് ഡോക്ടർമാർക്ക് പ്രതിമാസം 80,000 രൂപയും എം.ഡി/എം.എസ് സ്‌പെഷലിസ്റ്റ് ഡോക്ടർമാർക്ക് രണ്ട് ലക്ഷം രൂപയും ശമ്പളമായി നൽകും. നഴ്സുമാർക്ക് 30,000 രൂപയാണ് ശമ്പളമെന്നും കത്തിലുണ്ട്.