beer-cart

മാഡ്രിഡ് : കൊവിഡ് പടരും എന്ന് ഒട്ടും പേടി വേണ്ട. മാസ്കും വേണ്ട, സാനിറ്റേസറും വേണ്ട. ബാറിലെത്തുന്നവർക്കെല്ലാം ഗ്ലാസിൽ മദ്യം നൽകാൻ ബിയർ കാർട്ട് റെഡിയാണ്. തെക്കൻ സ്പാനിഷ് നഗരമായ സെവില്ലിലെ ഒരു ബാറിലുള്ള റോബോട്ടിക് ബാർമാനാണ് ബിയർ കാർട്ട്. രണ്ട് മാസത്തെ ലോക്ക്ഡൗണിന് ശേഷം ബാറുകളും റെസ്റ്റോറന്റുകളും തുറക്കാനുള്ള ടിക്കറ്റ് സെവില്ലിനും ലഭിച്ചിരുന്നു. ഇതോടെയാണ് ബിയർ കാർട്ടെന്ന റോബോർട്ടിന്റെ രംഗപ്രവേശം. ഒരു വലിയ യന്ത്രക്കൈയുടെ രൂപത്തിലുള്ള ബിയർ കാർട്ട് സെവില്ലിലെ ദ ക്രേസി ജിപ്സി എന്ന ബാറിലാണ് സ്ഥാപിച്ചിരിക്കുന്നത്.

ഡിസ്പെൻസറിൽ വച്ചിരിക്കുന്ന പ്ലാസ്റ്റിക് കപ്പിൽ കൃത്യമായ അളവിൽ ബിയർ കാർട്ട് മദ്യമൊഴിക്കുന്നു. ശേഷം കൗണ്ടറിൽ നില്ക്കുന്ന കസ്റ്റമറിന് നേരെ വയ്ക്കും. റോബോട്ടിനെ കാണാൻ വേണ്ടി മാത്രവും നിരവധി പേർ ഇവിടേക്കെത്തുന്നുണ്ട്. നിലവിൽ ഈ ബാറിൽ ചെറിയ അളവിൽ ബിയർ ആണ് വില്ക്കുന്നത്. സ്പെയിനിൽ കൊവിഡ് പിടിമുറുക്കിയപ്പോൾ തന്നെ ഭാവിയിൽ ഉപയോഗപ്പെടുത്താമെന്ന കണക്കുകൂട്ടലിൽ താൻ ഈ റോബോട്ടിനെ വാങ്ങുകയായിരുന്നുവെന്ന് ബാറുടമ ആൽബർട്ടോ മാർട്ടിനെസ് പറയുന്നു.

സാമൂഹ്യ അകലം പാലിക്കേണ്ട ഈ സന്ദർഭത്തിൽ രോഗ വ്യാപനം തടയാൻ റോബോട്ടുകളെ ഉപയോഗിക്കുന്നതാണ് ഉത്തമമെന്നും മാർട്ടിനെസ് പറഞ്ഞു. ഡിസ്പോസിബിൾ പ്ലാസ്റ്റിക് ഗ്ലാസുകൾ മാത്രമാണ് ഇപ്പോൾ ഇവിടെ ഉപയോഗിക്കുന്നത്. ഒരു തവണ 12 പേർക്ക് മാത്രമേ ബാറിലേക്ക് പ്രവേശനമുള്ളു.