uthra

തിരുവനന്തപുരം: അഞ്ചലിൽ കൊല്ലപ്പെട്ട ഉത്തരയുടെ കുഞ്ഞിനെ ഉത്തരയുടെ കുടുംബത്തിന് കൈമാറും. വനിത കമ്മിഷന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. ഭർത്താവ്‌ സൂരജ്‌ പാമ്പിനെകൊണ്ട്‌ കടിപ്പിച്ച് ഉത്രയെ കൊലപ്പെടുത്തിയ കേസിൽ റിമാൻ‌ഡിലായതോടെ കുഞ്ഞിനെ തങ്ങൾക്ക് കിട്ടണമെന്ന് ആവശ്യപ്പെട്ട് ഉത്തരയുടെ മാതാപിതാക്കൾ ചൈൽഡ് ലൈനിലും വനിതാ കമ്മിഷനിലും അപേക്ഷ നൽകിയിരുന്നു.

ചൈൽഡ് ലൈൻ കുട്ടിയെ അഞ്ചൽ പൊലീസ് മുഖാന്തരം ഉത്തരയുടെ വീട്ടുകാർക്ക് വിട്ടുകൊടുക്കാൻ നിർദേശിച്ചെങ്കിലും ഇന്നലെ കുട്ടിയെ വിട്ടുകൊടുക്കാൻ സൂരജിന്റെ വീട്ടുകാർ കൂട്ടാക്കിയില്ല. കുട്ടിയെ വാങ്ങാനായി അഞ്ചൽ പൊലീസ് സ്റ്റേഷനിലും പിന്നീട് അടൂർ പൊലീസിനെയും ഉത്തരയുടെ വീട്ടുകാർ സമീപിച്ചെങ്കിലും കുട്ടി കൊച്ചിയിലെ ബന്ധുവീട്ടിലാണെന്നായിരുന്നു സൂരജിന്റെ വീട്ടുകാരുടെ പ്രതികരണം.

ചൈൽഡ് ലൈൻ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കുട്ടിയെ വിട്ടുകൊടുത്തേ മതിയാകൂവെന്ന് പൊലീസ് നിലപാട് കടുപ്പിച്ചതോടെയാണ് ഇന്ന് കുട്ടിയെ അടൂരിലെ വീട്ടിൽ വച്ച് പൊലീസിന് കൈമാറാമെന്ന് സൂരജിന്റെ വീട്ടുകാർ അറിയിച്ചത്. ഇതനുസരിച്ച് വനിതാ പൊലീസ് ഉൾപ്പെടെ രാവിലെ സൂരജിന്റെ പറക്കോട്ടെ വീട്ടിലെത്തി.കുട്ടിയെ ഇവിടെ നിന്ന് ഏറ്റുവാങ്ങി വൈദ്യപരിശോധനകൾക്ക് ശേഷം അഞ്ചൽ പൊലീസ് മുഖാന്തരം ഉത്തരയുടെ വീട്ടുകാർക്ക് കൈമാറാനാണ് നീക്കം.