തിരുവനന്തപുരം: കാലടി മണപ്പുറത്തെ മിന്നൽ മുരളി എന്ന സിനിമയുടെ സെറ്റ് തകർത്ത സംഭവം പൊലീസിന്റെ പ്രത്യേക സംഘം അന്വേഷിക്കും.കാലടി ശിവരാത്രി ആഘോഷ സമിതിയുടെയും സിനിമാ സംഘടനകളുടെയും പരാതികളുടെ അടിസ്ഥാനത്തിലാണ് സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്. ആലുവ റൂറൽ എസ്.പി എം ജെ സോജനും പെരുമ്പാവൂർ ഡിവൈ.എസ്.പി കെ ബിജുമോനും അന്വേഷണ സംഘത്തിന് നേതൃത്വം നൽകും. സൈബർ സെല്ലിന്റെ സഹായവും ഉപയോഗിക്കും.
അതേസമയം ,സിനിമാ സെറ്റ് പൊളിച്ചതുമായി ബി.ജെ.പിക്കോ ബി.ജെ.പിയുമായി ബന്ധമുള്ള സംഘടനകൾക്കോ ഒരു ബന്ധവുമില്ലെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ വ്യക്തമാക്കി.
മഹാദേവ ക്ഷേത്രത്തിനു സമീപത്തെ സിനിമാ സെറ്റ് തകർത്തതിനെതിരെ കാലടി ശിവരാത്രി ആഘോഷ സമിതി രംഗത്തെത്തി. ആക്രമണത്തിന് പിന്നിൽ വർഗീയ ശക്തികളാണ്. മണപ്പുറത്ത് പള്ളിയുടെ മാതൃകയിൽ സിനിമാ സെറ്റ് നിർമിക്കാൻ അനുമതി കൊടുത്തിരുന്നതായും സമിതി വ്യക്തമാക്കി. കേട്ടു കേൾവി ഇല്ലാത്ത സംഭവമാണ് കാലടിയിൽ ഉണ്ടായതെന്നും പ്രതികൾക്കെതിരെ കർശന നടപടിവേണമെന്നും സിനിമാ സംഘടനകൾ ആവശ്യപ്പെട്ടു.
ഇന്നലെ വൈകിട്ടാണ് കാലടി മഹാദേവ ക്ഷേത്രത്തിന്റെ കാഴ്ച മറച്ച് പള്ളി നിർമിച്ചു എന്നാരോപിച്ച് രാഷ്ട്രീയ ബജ്‌രംഗ്‌ദൾ പ്രവർത്തകർ കാലടി മണപ്പുറത്തെ പള്ളിയുടെ മാതൃകയിലുള്ള സിനിമാ സെറ്റ് തകർത്തത്.