ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി
തിരുവനന്തപുരം: എൽ.ഡി.എഫ് ഭരണം നാലുവർഷം പൂർത്തിയാക്കിയ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ, ശേഷിക്കുന്ന ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുന്ന പദ്ധതികൾ പ്രഖ്യാപിച്ചു. കുടിയേറ്റ കർഷകർക്ക് അടക്കം 35,000 പേർക്ക് പട്ടയം നൽകും. ഇതോടെ രണ്ടുലക്ഷം പേർക്ക് പട്ടയം എന്ന ലക്ഷ്യം കൈവരിക്കും. തുടക്കം കുറിച്ചശേഷം അസാദ്ധ്യമെന്ന് ചിന്തിച്ച് മുൻ സർക്കാരുകൾ എഴുതിത്തള്ളിയ ഗെയ്ൽ പൈപ്പ് ലൈൻ പദ്ധതി ജൂൺ പകുതിയോടെ കമ്മിഷൻ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഐ.ടി കമ്പനികൾക്കുള്ള സ്ഥലം ഇരട്ടിയാക്കും. 'നാലാം വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് ദിവസങ്ങൾക്കകം പ്രസിദ്ധീകരിക്കും. അതിൽ ചുരുക്കം കാര്യങ്ങളേ പൂർത്തിയാക്കാൻ ബാക്കിയുണ്ടാവൂ. അഞ്ചു വർഷമാകുമ്പോൾ വാഗ്ദാനങ്ങളിൽ ഒന്നുപോലും ബാക്കിയാവില്ല'- ഒന്നര മണിക്കൂർ നീണ്ട വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
ഗെയ്ൽ പൈപ്പ്ലൈൻ
പലകോണിൽ നിന്നുള്ള എതിർപ്പുകാരണം 39കി.മീറ്റർ ദൂരത്തിൽ മാത്രം പൈപ്പിട്ട് ഉപേക്ഷിച്ച വൻകിട പദ്ധതി ഈ സർക്കാർ 2016 ജൂണിലാണ് പുനരാരംഭിച്ചത്. 444 കി.മീ.വരുന്ന കൊച്ചി- മംഗലാപുരം പൈപ്പ് ലൈൻ പൂർത്തിയായി. ചന്ദ്രഗിരിപ്പുഴയ്ക്ക് കുറുകെയുള്ള പൈപ്പിടൽ മാത്രമാണ് ബാക്കി. മൂന്നാഴ്ചകൊണ്ട് തീർത്ത് ജൂൺ പകുതിയോടെ കമ്മിഷൻ ചെയ്യും. കൂറ്റനാട്- വാളയാർ 95 കി.മീ. പൈപ്പിടലും പൂർത്തിയായി. ആഗസ്റ്റ് 15ന് കമ്മിഷൻ ചെയ്യും.
എൽ.എൻ.ജി ടെർമിനലിൽ നിന്ന് ഗാർഹികാവശ്യങ്ങൾക്ക് പാചകവാതകമടക്കം വിതരണം ചെയ്യുന്ന ഐ.ഒ.എ.ജിയുടെ സിറ്റി ഗ്യാസ് പദ്ധതി പുരോഗമിക്കുന്നു. കൊച്ചിയിൽ ഏഴ് സി.എൻ.ജി സ്റ്റേഷനുകൾ കമ്മിഷൻ ചെയ്തു.
നേട്ടങ്ങളും വാഗ്ദാനങ്ങളും
പാവപ്പെട്ടവർക്ക് സൗജന്യനിരക്കിൽ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്ന കെ-ഫോൺ പദ്ധതി ഡിസംബറിൽ
പൊലീസിൽ വനിതാ പ്രാതിനിദ്ധ്യം 25% ആക്കും
കൊച്ചി മെട്രോ ഒന്നാം ഘട്ടം അവസാന റീച്ചായ തൈക്കുടം- പേട്ട റീച്ച് ലോക്ക് ഡൗൺ തീരുന്ന മുറയ്ക്ക് പൂർത്തിയാക്കും
കൊച്ചി മെട്രോ നഗരപ്രാന്തങ്ങളിലേക്കു നീട്ടും. വാട്ടർ മെട്രോ പദ്ധതിയിൽ 38 ജെട്ടികളിൽ എട്ടെണ്ണം പണി തീരാറായി
ആലപ്പുഴ ബൈപ്പാസിന്റെ 98.6 ശതമാനം പണി തീർന്നു. രണ്ട് പാലങ്ങളിൽ ഒന്നിന് റെയിൽവേ അനുമതിയായാൽ രണ്ട് മാസത്തിനകം പൂർത്തിയാക്കും
റോഡുകളിലും ഇടനാഴികളിലും എൽ.ഇ.ഡി ലൈറ്റുകൾ. യാത്രാവേളയിൽ സ്ത്രീകൾക്ക് സുരക്ഷ
യൂത്ത് ലീഡർഷിപ്പ് അക്കാഡമി സ്ഥാപിക്കും. വിദേശത്ത് പോയി പഠിക്കുന്നവർക്ക് ഉൾപ്പെടെ സംസ്ഥാനത്ത് പഠനസൗകര്യം
കൊവിഡിനുശേഷം പഠനസമയത്ത് പാർട്ട്ടൈം ജോലി. തദ്ദേശസ്ഥാപന പരിധിയിൽ തൊഴിൽ പദ്ധതി ഉടൻ
ഓരോ തദ്ദേശസ്ഥാപനത്തിനു കീഴിലും 1000 പേരിൽ അഞ്ചു പേർക്ക് തൊഴിൽ
എല്ലാ കുടുംബങ്ങൾക്കും റേഷൻ കാർഡ്. ഓരോ വീട്ടുപറമ്പിലും മത്സ്യംവളർത്തൽ പദ്ധതി
ഫയർ ആൻഡ് റസ്ക്യു സർവീസിൽ ആദ്യമായി 100 ഫയർ വിമെൻ. വനിതകളുടെ പൊലീസ് ബറ്റാലിയനും കമാൻഡോ പ്ലാറ്റൂണും സജ്ജമാക്കി.
വ്യവസായങ്ങൾക്ക് വഴിയൊരുക്കാൻ(മെയിനിനൊപ്പം)
# പുതിയ വ്യവസായങ്ങൾ കൊണ്ടുവരാൻ മലയാളികളായ പ്രവാസി വ്യവസായികളുടെയും നാട്ടിലെ വ്യവസായികളുടെയും പ്രതിനിധികൾ ഉൾപ്പെട്ട സമിതി രൂപീകരിക്കും. കൊറിയ, ജപ്പാൻ, സിംഗപ്പൂർ, തായ്വാൻ, യു.എസ് വ്യവസായികളും അംഗങ്ങൾ
#അദ്ധ്യക്ഷൻ ചീഫ് സെക്രട്ടറി.വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി, ജി.എസ്.ടി കമ്മിഷണർ, വ്യവസായ വകുപ്പ് ഡയറക്ടർ അംഗങ്ങൾ.
#എംബസികളുടെ സഹായം തേടും.
വ്യവസായ അനുമതികൾ വേഗത്തിലാക്കാൻ കർമ്മപദ്ധതി
അപേക്ഷിച്ച് ഏഴ് ദിവസത്തിനകം ലൈസൻസ്
നാല് കേന്ദ്രങ്ങളിൽ വാല്യു ആഡഡ് ലോജിസ്റ്റിക് പാർക്കും നിർമ്മിക്കും.
കമന്റ്
' തുടരെത്തുടരെ വന്ന പ്രകൃതിക്ഷോഭങ്ങളും മഹാമാരികളും കേരളത്തിന്റെ വികസനത്തെ തളർത്തിയിട്ടില്ലെന്ന് അഭിമാനത്തോടെ പറയാനാകും. നാടിനെ പുരോഗതിയിലേക്ക് നയിക്കാനുള്ള വഴിയിലേക്ക് നമുക്കെല്ലാവർക്കും ഒന്നിച്ച് നീങ്ങാം. എല്ലാവരുടെയും പിന്തുണയും സഹകരണവും വേണം'
-പിണറായി വിജയൻ
മുഖ്യമന്ത്രി