pic

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വംബോർഡ് വക സ്വർണ്ണം,നിലവിളക്കുകൾ എന്നിവയുടെ കണക്കെടുപ്പ് സംബന്ധിച്ച് ചില മാദ്ധ്യമങ്ങളിൽ വന്ന വാർത്ത തെറ്റിദ്ധാരണാജനകമെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു.ദേവസ്വം ബോർഡിന്റെ സ്ട്രോംഗ്റൂമുകളിൽ സൂക്ഷിച്ചിട്ടുള്ള നിത്യോപയോഗത്തിലില്ലാത്ത സ്വർണ്ണം ബാങ്കുകളിൽ ഏൽപ്പിക്കുന്നത് സംബന്ധിച്ചും വിവിധ ക്ഷേത്രങ്ങളിൽ നടവരവായി ലഭിച്ചിട്ടുള്ളതും ഉപയോഗത്തിലില്ലാത്തതുമായ വിളക്കുകൾ,പ‍ഴയ ഓട്ടുപാത്രങ്ങൾ എന്നിവയുടെ ലേലം സംബന്ധിച്ചും വന്ന വാർത്ത അവ്യക്തവും തെറ്റിദ്ധാരണാജനകവുമാണ്. ബോർഡിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കൂടുതൽ വരുമാന മാർഗ്ഗങ്ങളെ സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുവാൻ സമിതിയെ നിയോഗിച്ചിരുന്നു.


സ്ട്രോംഗ്റൂമുക‍ളിൽ സൂക്ഷിച്ചിട്ടുള്ളതും, ആചാരപരമായ കാര്യങ്ങൾക്ക് ഉപയോഗിക്കേണ്ടത് അല്ലാത്തതുമായ സ്വർണ്ണത്തിന്റെ സ്റ്റോക്ക് തിട്ടപ്പെടുത്തി റിസർവ്വ് ബാങ്ക് പദ്ധതി പ്രകാരം ബാങ്കിലേൽപ്പിച്ചാൽ പലിശ ലഭിക്കുമെന്ന് സമിതി ശുപാർശ ചെയ്തു.വിവിധ ദേവസ്വങ്ങ‍‍ളിലായി ഭക്തർ നടക്കുവെയ്ക്കുന്ന വിളക്കുകൾ വലിയതോതിൽ അതാത് ദേവസ്വങ്ങളിൽ കെട്ടിക്കിടക്കുകയാണ്.ഇവ സൂക്ഷിക്കുവാനുള്ള സൗകര്യം ഒട്ടുമിക്ക ദേവസ്വങ്ങളിലും ഇല്ല. വർഷങ്ങളായി കുമിഞ്ഞു കൂടിക്കിടക്കുന്ന വിളക്കുകളിൽ ഒരുഭാഗം കാലാകാലങ്ങളായി ഉപയോഗശൂന്യമായിക്കൊണ്ടിരിക്കുകയാണെന്നും ബോർഡ് വിലയിരുത്തി.അവയും ക്ഷേത്രങ്ങളിൽ ഉപയോഗശൂന്യമായിക്കിടക്കുന്ന പ‍ഴയ ഓട്ടുപാത്രങ്ങളും മറ്റും സ്റ്റോക്ക് തിട്ടപ്പെടുത്തി ലേലം ചെയ്യണമെന്നും സമിതി ശുപാർശ ചെയ്തിരുന്നു.

കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രണ്ടുമാസത്തിലധികമായി ശബരിമലയുൾപ്പെടെ എല്ലാക്ഷേത്രങ്ങളും അടഞ്ഞുകിടക്കുകയാണ്.ഇതുമൂലം വരുമാനം പൂർണ്ണമായി നിലച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പഠനസമിതിയുടെ ശുപാർശ ബോർഡ് അംഗീകരിക്കുകയും ബോര്‍ഡിന്‍റെ വകയായുള്ള സ്വർണ്ണത്തിന്റെയും,വിളക്കുകൾ,പ‍ഴയ ഓട്ടുപാത്രങ്ങൾ എന്നിവയുടെയും കണക്കെടുക്കുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയുമുണ്ടായി.ആ പ്രക്രിയയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.കണക്കെടുപ്പ് പൂർത്തിയായശേഷം ഹൈക്കോടതിയുടെ അനുമതി ലഭിച്ചാൽ മാത്രമെ ലേല നടപടികളിലേക്ക് കടക്കൂ.വസ്തുത ഇതായിരിക്കെ ഭക്തജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുംവിധം വാർത്തകൾ പ്രസിദ്ധീകരിച്ചത് നിർഭാഗ്യകരമാണ്.സദുദ്ദേശത്തോടും ഭക്തരുടെ വികാരങ്ങളെ ബാധിക്കാത്തതുമായ നടപടിയോട് ഭക്തജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു വാർത്താകുറിപ്പിൽ അഭ്യർത്ഥിച്ചു.