ramesh

തിരുവനന്തപുരം: രാഷ്ട്രീയ തിരക്കുകൾക്കിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 65ാം വയസിലേക്ക് കടന്നു. ആഘോഷങ്ങളൊന്നുമില്ലാതെയാണ് ഇന്നലെ അദ്ദേഹത്തിന്റെ പിറന്നാൾ ദിനം കടന്നുപോയത്. സർക്കാരിന്റെ നാലാം വാർഷികം കോൺഗ്രസ് വഞ്ചനാദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി സെക്രട്ടേറിയറ്റിന് മുമ്പിൽ നടന്ന പ്രതിഷേധ പരിപാടികളിൽ ചെന്നിത്തല പങ്കെടുത്തു. തുടർന്ന് ഐ.എം.എ ഭാരവാഹികളുമായി വീഡിയോ കോൺഫറൻസ് നടത്തി. 12ന് ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാനൊപ്പം വാർത്താസമ്മേളനം. സർക്കാരിനെതിരെ രൂക്ഷവിമർശനം ചൊരിഞ്ഞതിനൊടുവിൽ പിറന്നാളാണെന്ന കാര്യം മാദ്ധ്യമപ്രവർത്തകർ ശ്രദ്ധയിൽപെടുത്തിയപ്പോൾ ഇടവമാസത്തിലെ തിരുവാതിര നാളാണെന്നും ആഘോഷങ്ങളൊന്നുമില്ലെന്നുമായിരുന്നു ചെറുചിരിയോടെയുള്ള മറുപടി. ഭാര്യയും മക്കളുമെല്ലാം കന്റോൺമെന്റ് ഹൗസിൽ ഉണ്ടായിരുന്നെങ്കിലും പിറന്നാൾ സദ്യ ഇല്ലായിരുന്നു.

ഉച്ചയോടെ മുഖ്യമന്ത്രി പിണറായി വിജയൻ ചെന്നിത്തലയെ ഫോണിൽ വിളിച്ച് ജന്മദിനാശംസകൾ നേർന്നു. അദ്ദേഹത്തിന് ആയുരാരോഗ്യം നേരുന്നതായും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഡോ.ശശി തരൂർ എം.പി ട്വിറ്ററിലൂടെ ആശംസ നേർന്നു. മന്ത്രിമാർ,​ എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി,​ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങി രാഷ്ട്രീയ,​ സാമൂഹ്യ,​ സാംസ്‌കാരിക രംഗത്തെ നിരവധി പേർ ചെന്നിത്തലയ്ക്ക് ആശംസകൾ നേർന്നു.