set

തിരുവനന്തപുരം: കാലടിയിൽ 'മിന്നൽ മുരളിയുടെ' സെറ്റ് തകർത്തതിനെതിരെ മലയാള സിനിമാ ലോകം ഒറ്റക്കെട്ടായി രംഗത്തെത്തി. കലാകാരന്മാർക്കും നിർമ്മാതാവിനും നീതി ലഭിക്കാനായി നിയമപരമായി മുന്നോട്ടുപോകാനാണ് സിനിമാ സംഘടനകളുടെ തീരുമാനം. അമ്പലത്തിന്റെ കാഴ്ചയെ മറയ്ക്കുന്നുവെന്ന ആരോപണം ഉയർത്തി രാഷ്ട്രീയ ബജ്‌റംഗദള്ളിന്റെ പേരിൽ ഒരുകൂട്ടം ആളുകൾ പള്ളിയുടെ രൂപത്തിലുള്ള സെറ്റ് തകർത്തത് ഞെട്ടലോടെയാണ് പൊതുസമൂഹത്തോടൊപ്പം സിനിമാലോകവും കേട്ടത്. പ്രെഡ്യൂസേഴ്സ് അസോസിയേഷനും മാക്ടയും ഫെഫ്കയും ഉൾപ്പെടെയുളള സംഘടകളും പ്രതിഷേധത്തിൽ അണിചേർന്നിട്ടുണ്ട്.

രണ്ടു വർഷമായി ഈ സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെടുകയാണെന്നും കലാ സംവിധായകനും സംഘവും ദിവസങ്ങളോളം പൊരിവെയിലത്ത് നിന്ന് കഷ്ടപ്പെട്ട് നിർമ്മിച്ച സെറ്റാണ് പൊളിച്ചതെന്നും സിനിമയുടെ സംവിധായകൻ ബേസിൽ ജോസഫ് പറഞ്ഞു. അനധികൃതമായി നിർമ്മിച്ച സെറ്റല്ല. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ലെന്നും​ വിഷമവും ആശങ്കയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിനിമയുടെ ക്ലൈമാക്സിനായി ലക്ഷങ്ങൾ ചെലവഴിച്ച് ഒരുക്കിയ സെറ്റാണ് തകർത്തതെന്ന് നിർമ്മാതാവ് സോഫിയാ പോൾ പറഞ്ഞു. ഒരുപാട് പ്രതീക്ഷകളുള്ള സൂപ്പർ ഹീറോ ചിത്രമാണ് മിന്നൽ മുരളി. പ്രധാന ഭാഗങ്ങളെല്ലാം ചിത്രീകരിച്ചു കഴിഞ്ഞു. നിലവിലെ നിയന്ത്രണങ്ങൾ മാറിയാലുടൻ ബാക്കി ഭാഗങ്ങൾ ഷൂട്ട് ചെയ്യും. അടുത്ത ഭാഗം ചിത്രീകരിക്കാനാണ് കാലടിയിൽ സെറ്റു പണിതതെന്നും അദ്ദേഹം വിശദീകരിച്ചു.

അജു വ‌ർഗീസ്

ലക്ഷങ്ങൾ മുടക്കി നിർമ്മാതാവും പ്രൊഡക്ഷൻ ഡിസൈനറും നൂറു കണക്കിന് മനുഷ്യരും ചേർന്നു കഴിഞ്ഞ മാർച്ചിൽ ഉണ്ടാക്കിയ ഒരു സെറ്റ്. ലോക്ക് ഡൗൺ കാരണം ഷൂട്ട് നീങ്ങി. ഇന്ന് അതിന്റെ അവസ്ഥ കാണണം.

അജു വ‌ർഗീസ് ഫേസ് ബുക്കിൽ കുറിച്ചത്.

ടൊവീനോ തോമസ്

ലോക്ക് ഡൗൺ ഇളവ് എന്ന് ലഭിക്കുമോ അന്ന് ഷൂട്ട് ചെയ്യാൻ വേണ്ടി നിലനിറുത്തിയിരുന്ന സെറ്റാണ് ഇന്നലെ യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരുകൂട്ടം വർഗീയവാദികൾ തകർത്തത്. അതിനവർ നിരത്തുന്ന കാരണങ്ങളൊന്നും ഈ നിമിഷം വരെ ഞങ്ങൾക്കാർക്കും മനസിലായിട്ടുമില്ല.

വടക്കേ ഇന്ത്യയിലൊക്കെ മതഭ്രാന്തിന്റെ പേരിൽ സിനിമകളും ലൊക്കേഷനുകളുമൊക്കെ ആക്രമിക്കപ്പെടുന്നത് നമുക്ക് ഇതുവരെ കേട്ടുകേൾവി മാത്രമായിരുന്നിടത്താണ് ഞങ്ങൾക്ക് ഈ അനുഭവമുണ്ടായിരിക്കുന്നത്. ഒരുപാട് വിഷമം ഉണ്ട്, അതിലേറെ ആശങ്കയും. - ടൊവീനോ ഫേസ്ബുക്കിൽ കുറിച്ചു