vld-1

വെള്ളറട: വയറുവേദനയെ തുടർന്ന് കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച നാലുവയസുകാരി മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവെന്ന ആരോപണവുമായി ബന്ധുക്കൾ. വെള്ളറട കിളിയൂർ പാട്ടംതലയ്‌ക്കൽ വിപിൻ വിലാസത്തിൽ സൈനികനായ വിപിൻകുമാർ - അഞ്ജന ദമ്പതികളുടെ ഏക മകൾ അവന്തികയാണ് കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെ മരിച്ചത്. ഉച്ചയോടെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സാപ്പിഴവാണ് മരണകാരണമെന്നും ചികിത്സാരേഖകൾ ആവശ്യപ്പെട്ടിട്ടും ആശുപത്രി അധികൃതർ നൽകില്ലെന്നും ബന്ധുക്കൾ പറയുന്നു. നടപടി ആവശ്യപ്പെട്ട് ആശുപത്രിയിൽ ബന്ധുക്കളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രാത്രിയിൽ പ്രതിഷേധിച്ചു.

ഒ.പിയിലെയും അത്യാഹിത വിഭാഗത്തിലെയും ഗ്ളാസുകൾ പ്രതിഷേധക്കാർ അടിച്ചുതകർത്തെന്നും സെക്യൂരിറ്റി ജീവനക്കാരെ കൈയേറ്റം ചെയ‌്‌തെന്നും ആശുപത്രി അധികൃതർ ആരോപിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വെള്ളറട എസ്.ഐ സതീഷ് ശേഖർ പ്രതിഷേധക്കാരുമായി ചർച്ച നടത്തി. കുട്ടിയുടെ മൃതദേഹം കൂടുതൽ പരിശോധനയ്ക്കായി രാത്രിതന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ഇന്നലെ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനുശേഷം വീട്ടിലെത്തിച്ച മൃതദേഹം വൈകിട്ടോടെ സംസ്‌കരിച്ചു. കുട്ടിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ നൽകിയ പരാതിയിലും ആശുപത്രിയിൽ ആക്രമണം നടത്തിയെന്ന അധികൃതരുടെ പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്.

ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം: വയറുവേദനയും ഛർദ്ദിയുമായി ഞായറാഴ്ച ഉച്ചയ്ക്ക് ചികിത്സ തേടിയെത്തിയ കുട്ടി വൈകിട്ട് 6ഓടെ വീടും ഛർദ്ദിച്ചതോടെ ഐ.സി.യുവിലേക്ക് മാറ്റുകയും വെന്റിലേറ്റർ സംവിധാനം ഏർപ്പെടുത്തുകയും ചെയ്‌തു. ഇതിനുശേഷം ചർദ്ദിക്കും വേദനയ്ക്കുമുള്ള മരുന്നുകൾ നൽകി. കൂടുതൽ പരിശോധന നടത്തുന്നതിനിടെയാണ് കുട്ടി മരണപ്പെട്ടതെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. ബാബുരാജ് പറഞ്ഞു. മരണകാരണം ചികിത്സാപ്പിഴവല്ലെന്നും മറ്റെന്തെങ്കിലും അസുഖമായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റുമോർട്ടം നടത്തിയശേഷമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂവെന്നും ഡോക്ടർ പറഞ്ഞു.