electric-bill

മുടപുരം: ചിറയിൻകീഴ് കെ.എസ്.ഇ.ബി.സെക്‌ഷന് കീഴിൽ 33 കെ.വി സബ്‌സ്റ്റേഷൻ സ്ഥാപിക്കണമെന്ന ഉപഭോക്താക്കളുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും അധികൃതർ അത് കണ്ട ഭാവം പോലും നടിക്കുന്നില്ലെന്ന് ആരോപണമുയരുന്നു. കിഴുവിലം,അഴൂർ,ചിറയിൻകീഴ്,മുദാക്കൽ തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിൽ അനുഭവപ്പെടുന്ന വൈദ്യുതി ക്ഷാമവും അടിക്കടി ഉണ്ടാകുന്ന വൈദ്യുതി തടസവും പരിഹരിക്കുന്നതിനായാണ് പുതിയ സബ് സ്റ്റേഷൻ വേണ്ടത്. ചിറയിൻകീഴ് സെക്‌ഷന്റെ കീഴിൽ ഇപ്പോൾ 24000ൽ പരം ഉപഭോക്താക്കളുണ്ട് . മംഗലപുരം സെക്ഷന്റെ കീഴിലുള്ള മുട്ടപ്പലം, അവനവഞ്ചേരി സെക്‌ഷന്റെ കീഴിലുള്ള പുകയിലത്തോപ് ,അണ്ടൂർ, മുളയത്ര കാവ്,ആറ്റിങ്ങൽ സെക്ഷന്റെ കീഴിലെ ചെറുവള്ളിമുക്ക് തുടങ്ങിയ സ്ഥലങ്ങളും കൂട്ടിച്ചേർക്കപ്പെട്ടിരിക്കുകയാണ്. ചിറയിൻകീഴ് താലൂക്ക് ആശുപത്രി ഉൾപ്പെടെ ഒട്ടേറെ ആരോഗ്യ കേന്ദ്രങ്ങൾ, നിരവധി സഹകരണ- ഷെഡ്യൂൾഡ് ബാങ്കുകൾ, നൂറുകണക്കിന് ഓഫീസുകൾ,ആയിരക്കണക്കിന് വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവ ഈ സെക്‌ഷന്റെ കീഴിലുണ്ട്. വിശാലമായ ഈ സെക്‌ഷന്റെ കീഴിൽ വൈദ്യുതി ക്ഷാമവും തകരാറുകളും ഉണ്ടാകുന്നത് പതിവാണ്. ചിറയിൻകീഴ് സെക്‌ഷന് കീഴിൽ 33 കെ.വി.സബ്‌സ്റ്റേഷൻ ഇല്ലാത്തതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. കടയ്ക്കാവൂർ കെ.എസ്.ഇ.ബി സെക്‌ഷന് കീഴിലെ 33 കെ.വി.സബ്‌സ്റ്റേഷൻ, അവനവഞ്ചേരിയിലെ 110 കെ.വി.സബ്‌സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നാണ് ചിറയിൻകീഴിലേക്ക് വൈദ്യുതി എത്തിക്കുന്നത്. അവനനവഞ്ചേരിയിലോ കടയ്ക്കാവൂരിലോ പ്രകൃതി ക്ഷോഭം മൂലമോ അല്ലാതെയോ തകരാറുകൾ ഉണ്ടായാൽ ചിറയിൻകീഴിലും വൈദ്യുതി തടസം അനുഭവപ്പെടും. ഇതിന് പരിഹാരമായാണ് ചിറയിൻകീഴിൽ 33 കെ.വി.സബ്‌സ്റ്റേഷൻ സ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നത്.

പ്രധാന പ്രശ്നങ്ങളും പരിഹാരവും

പുതിയ സബ് സ്റ്റേഷനു വേണ്ടി ചിറയിൻകീഴ് പഞ്ചായത്തിൽ അനുയോജ്യമായ സ്ഥലം കണ്ടെത്തിയിട്ടില്ല.

 ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലോ ചിറയിൻകീഴ് താലൂക്ക് ആശുപത്രി കോമ്പൗണ്ടിലോ സ്ഥലം കണ്ടെത്താവുന്നതാണ്

വൻ വികസന പ്രവർത്തനങ്ങൾ നടക്കുന്ന താലൂക്ക് ആശുപത്രിയിൽ ഇതിന് സ്ഥലം കണ്ടെത്തിയാൽ അത് കൂടുതൽ ഉപയോഗപ്രദമായിരിക്കും

 ഒരു നിമിഷം പോലും വൈദ്യുതി മുടക്കം പാടില്ലാത്ത താലൂക്കിലെ ഈ വലിയ ആരോഗ്യ സ്ഥാപനത്തിന് അത് വലിയ അനുഗ്രഹമാവും