തിരുവനന്തപുരം: കഴിഞ്ഞ ദിവസം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് ദുരിതത്തിലായവർക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഒ. രാജഗോപാൽ എം.എൽ.എ ആവശ്യപ്പെട്ടു. ജനങ്ങളെ അറിയിക്കാതെ അരുവിക്കര ഡാം തുറന്നുവിട്ടതുകൊണ്ടാണ് ഇത്രയധികം നാശമുണ്ടായത്. ഡാം പെട്ടെന്ന് തുറന്നുവിടാനെടുത്ത തീരുമാനം ഉദ്യോഗസ്ഥർ മാത്രമാണ് അറിഞ്ഞത്. ഡാം തുറന്നുവിട്ടതോടെ കിള്ളിയാറിലും കരമനയാറിലും ജലനിരപ്പ് ഉയർന്ന് പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഭാവിയിൽ ഇത്തരം നടപടികൾ ജനങ്ങളെ മുൻകൂട്ടി അറിയിച്ച് മാത്രമേ നടപ്പാക്കാൻ പാടുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.