തിരുവനന്തപുരം : അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നും നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി പ്രത്യേക വിമാന സർവീസ് കേന്ദ്രസർക്കാർ ഏർപ്പെടുത്തുന്നുണ്ടെന്നും കൂടുതൽ സർവീസിന് ശ്രമം തുടരുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അമേരിക്കയിലെ മലയാളി സംഘടനാ പ്രിതിനിധികളുമായി വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സാൻഫ്രാൻസിസ്‌കോ, ന്യൂയോർക്ക്, വാഷിംഗ്ടൺ, ചിക്കാഗോ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ വിമാനസർവീസ് വേണമെന്ന് ആവശ്യപ്പെട്ട് വിദേശ മന്ത്രാലയത്തിന് കത്തു നൽകിയിട്ടുണ്ട്.
ഇതോടൊപ്പം ഗൾഫ് രാജ്യങ്ങൾ, യൂറോപ്പ്, ഏഷ്യയിലെ വിവിധ രാജ്യങ്ങൾ എന്നിവിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരുടെ പ്രശ്‌നങ്ങളും നിരന്തരം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുന്നുണ്ട്. തിരിച്ചുവരുന്നവർക്ക് വൈദ്യപരിശോധനയും ക്വാറൻൈനും ചികിത്സയും ഉൾപ്പെടെ എല്ലാ കാര്യങ്ങളും ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫൊക്കാനാ പ്രസിഡന്റ് മാധവൻ പി.നായർ, ഡോ. എം. അനിരുദ്ധൻ, സജിമോൻ ആന്റണി, ഡോ. ബോബി വർഗീസ് തുടങ്ങിയവർ സംസാരിച്ചു.