loknath-behera-7
LOKNATH BEHERA

തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് കുട്ടികളെ എത്തിക്കുന്ന വാഹനങ്ങൾ തടയരുതെന്ന് ജില്ലാ പൊലീസ് മേധാവിമാർക്ക് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹറ നിർദ്ദേശം നൽകി. പെൺകുട്ടികളുടെ സൗകര്യാർത്ഥം പരമാവധി വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ചു. പട്ടികവർഗ മേഖലകളിൽ പരീക്ഷയ്ക്ക് കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളിൽ ജനമൈത്രി പൊലീസിന്റെ സാന്നിദ്ധ്യം ഉറപ്പാക്കും. കുട്ടികൾ ധാരാളമുളള പരീക്ഷാകേന്ദ്രങ്ങളിലും പൊലീസിനെ നിയോഗിക്കും. ഏതെങ്കിലും കാരണത്താൽ എത്താൻ കഴിയാത്ത കുട്ടികളെ പൊലീസ് വാഹനത്തിൽ പരീക്ഷയ്ക്കെത്തിക്കും. പരീക്ഷയ്ക്ക് മുമ്പും ശേഷവും വിദ്യാലയങ്ങളുടെ മുന്നിൽ തിരക്കൊഴിവാക്കുന്നതിന് നടപടി സ്വീകരിക്കും.

പരീക്ഷയുമായി ബന്ധപ്പെട്ട് ജില്ലകളിലെ പൊലീസ് സംവിധാനത്തിന്റെ ഉത്തരവാദിത്തം അഡിഷണൽ എസ്.പിമാർക്കും അഡിഷണൽ ഡെപ്യൂട്ടി കമ്മിഷണർമാർക്കുമാണ്. പരീക്ഷാകേന്ദ്രങ്ങളുടെ വിവരം ജില്ലാ പൊലീസ് മേധാവിമാരും കൺട്രോൾ റൂമും സൂക്ഷിക്കും. മാർഗനിർദ്ദേശങ്ങൾ പാലിച്ച് പരീക്ഷ നടത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകളെ സഹായിക്കാൻ ജനമൈത്രി പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച് എല്ലാ ദിവസവും വൈകിട്ട് പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിക്ക് റിപ്പോർട്ട് നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്.