dysp

തിരുവനന്തപുരം: എ.എസ്.എെ ബാബു കുമാറിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഡിവെെ.എസ്.പി സന്തോഷ് എം.നായരടക്കം നാല് പ്രതികളെ പത്ത് വർഷം കഠിന തടവിനും ഇരുപത്തയ്യായിരം രൂപ വീതം പിഴയ്ക്കും പ്രത്യേക സി.ബി.എെ കോടതി ജഡ്ജി കെ. സനിൽകുമാർ ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം.

വിനീഷെന്ന ജിണ്ട അനി, തേവര കായലോരം അപ്പാർട്ട്മെന്റിൽ എ.എസ്. സന്തോഷ് കുമാറെന്ന കണ്ടെയ്നർ സന്തോഷ്, കരുനാഗപ്പളളി പൂന്തലയിൽ പെന്റി എഡ്വിൻ ഒാസ്റ്റിൻ എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റ് മൂന്ന് പ്രതികൾ. മറ്റ് രണ്ട് പ്രതികളായ ഡിവെെ.എസ്.പി വിജയൻ, പുഞ്ചിരി മഹേഷ് എന്നിവരെ വെറുതെ വിട്ടു.

ഡിവെെ.എസ്.പി സന്തോഷ് നായർ, കണ്ടെയ്നർ സന്തോഷുമായി ചേർന്ന് ബാബുകുമാറിനെ വധിക്കാൻ, പെന്റി എഡ്വിൻ അടക്കമുളള പ്രതികളെ ചുമതലപ്പെടുത്തിയെന്നാണ് സി.ബി.എെ കേസ്. പ്രതികളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റെങ്കിലും ബാബുകുമാർ രക്ഷപ്പെട്ടു. ഒന്നാം പ്രതി ജിണ്ട അനിയാണ് 2011 ജനുവരി 11 ന് ആശ്രാമത്തെ ബാബുകുമാറിന്റെ വീടിന് സമീപം വച്ച് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. വധശ്രമത്തിന് ഏഴ് വർഷം അധിക തടവിനും ഇരുപത്തയ്യായിരം രൂപ പിഴയ്ക്കും ജിണ്ട അനിയെ ശിക്ഷിച്ചിട്ടുണ്ട്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.

മദ്യസത്കാര വിവരം ആദ്യം

റിപ്പോർട്ട് ചെയ്തത് ഫ്ളാഷ്

2009 ഒക്ടോബർ 11ന് കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസിൽ നടന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മദ്യസത്കാര വിവരം ബാബുകുമാർ സ്പെഷ്യൽ ബ്രാഞ്ചിനെ അറിയിക്കുകയും തുടർന്ന് ഗസ്റ്റ് ഹൗസിൽ റെയ്ഡ് നടക്കുകയും ചെയ്തു. റെയ്ഡ് വിവരം അടുത്ത ദിവസത്തെ കേരളകൗമുദി ഫ്ളാഷിലും തുടർന്ന് മറ്റ് മാദ്ധ്യമങ്ങളിലും പ്രസിദ്ധീകരിച്ചു. തുടർന്ന് നടന്ന വകുപ്പുതല അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സന്തോഷ് നായർ അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയെടുത്തു. ഇതിന് പ്രതികാരമായാണ് ബാബു കുമാറിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടന്നത്. കേസ് അട്ടിമറിച്ച് തെളിവ് നശിപ്പിച്ചതായി ആരോപിച്ചാണ് മറ്റൊരു ഡിവെെ.എസ്.പിയായ വിജയനെ കേസിൽ പ്രതിയാക്കിയിരുന്നത്. പ്രോസിക്യൂഷന് വേണ്ടി സി.ബി.എെ പ്രോസിക്യൂട്ടർ എം.നവാസ് ഹാജരായി