തിരുവനന്തപുരം: ചാല മാർക്കറ്റിലെ ജ്വല്ലറിയിൽ പകൽ മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ.നേമം മേലാങ്കോട് സ്വദേശി പ്രശാന്ത് (20)​നെയാണ് ഫോർട്ട് പൊലീസ് അറസ്റ്റുചെയ്തത്. ഇന്നലെ രാവിലെ 11നാണ് സംഭവം.മാസ്കുവച്ച് ബൈക്കിലെത്തിയ യുവാവ് സ്വർണ്ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിക്കുള്ളിലേക്ക് കടന്നു.തുടർന്ന് ഉടമയെ കബളിപ്പിച്ച് മോതിരം മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. കടയുടമ ബഹളംവച്ച് ആളുകളെ കൂട്ടിയെങ്കിലും മോഷ്ടാവ് ബൈക്കിൽ കടന്നു കളഞ്ഞു.

സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച ബൈക്കിന്റെ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രശാന്തിനെ ഉച്ചയോടെ പിടികൂടിയത്. മോതിരം പ്രതി നേമത്തുള്ള കടയിൽ വിറ്റ് 6000 രൂപ വാങ്ങി.പണം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കിഴക്കേക്കോട്ടയിലെ ലോട്ടറി വിൽപ്പനക്കാരന്റെ പണം മോഷ്ടിച്ചതിന് ഇയാൾക്കെതിരെ ഫോർട്ട് സ്റ്റേഷനിൽ മുമ്പ് കേസെടുത്തിട്ടുണ്ട്.ഫോർട്ട് സി.ഐ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ സജു എബ്രഹാം സി.പി.ഒമാരായ സുനിൽ ,​പ്രശാന്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ റിമാൻഡ് ചെയ്തു.