വെഞ്ഞാറമൂട്: അബ്കാരി കേസിൽ റിമാൻഡിലായ പ്രതികളിലൊരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ വെഞ്ഞാറമൂട് ആശങ്കയിൽ. നാട്ടുകാരുമായി ഇടപഴകിയിരുന്ന യുവാവിനാണ് അബ്കാരി കേസിൽ റിമാൻഡിൽ വിട്ടപ്പോൾ കൊവിഡ് സ്ഥിരീകരിച്ചത്. സമീപ പഞ്ചായത്തായ പോത്തൻകോട്ട് ഒരാൾ കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത് വെഞ്ഞാറമൂട് പ്രദേശത്തെ ഭീതിയിലാക്കിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പൊലീസ് ട്രെയിനിയെ കാർ ഇടിച്ചു തെറിപ്പിച്ച സംഭവത്തിൽ മൂന്നു യുവാക്കളെ നാട്ടുകാർ പൊലീസിൽ ഏല്പിച്ചിരുന്നു. മദ്യ ലഹരിയിലായിരുന്ന ഇവരെ വെഞ്ഞാറമൂട് പൊലീസ് സെല്ലിലാക്കി. കാറിൽ വ്യാജ ചാരായമുണ്ടായിരുന്നതിനാൽ ഇവർക്കെതിരെ അബ്കാരി കേസ് ചുമത്തുകയായിരുന്നു. പിറ്റേന്ന് മജിസ്ട്രേട്ടിന്റെ വീട്ടിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തശേഷം നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ദേവസ്വം ബോർഡ് ജീവനക്കാരനായ ഇയാൾ നിരവധിയാളുകളുമായി സമ്പർക്കം പുലർത്തിയിരുന്നതായി സൂചനയുണ്ട്. ആർ.എം.ഒയുടെ നിർദ്ദേശത്തെ തുടർന്ന് വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെ 30ഓളം പൊലീസുകാർ അന്നുതന്നെ ക്വറന്റൈനിൽ പോകുകയായിരുന്നു. ഇവർ സഞ്ചരിച്ച ആലിയാട്, മൂളയം ഭാഗങ്ങളിൽ ആരോഗ്യ പ്രവർത്തകർ ജാഗ്രതാ നിർദ്ദേശം നൽകി. അപകടം നടന്നതിന്റെ പിറ്രേദിവസം നടൻ സുരാജിന്റെ പുരയിടത്തിൽ നടന്ന ഭക്ഷ്യസുരക്ഷാപദ്ധതിയുടെ ഉദ്ഘാടച്ചടങ്ങിൽ നടൻ സുരാജ്, ഡി.കെ. മുരളി, നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിത് എസ്. കുറുപ്പ് എന്നിവർക്കൊപ്പം വെഞ്ഞാറമൂട് സ്റ്റേഷനിലെ പൊലീസുകാരും ഉണ്ടായിരുന്നു. തുടർന്നാണ് ഇവരോടും നിരീക്ഷണത്തിൽ പോകാൻ ആർ.എം.ഒ നിർദ്ദേശിച്ചത്. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം പൊലീസ് സ്റ്റേഷൻ, കന്യാകുളങ്ങര പി.എച്ച്.സി, കൂട്ടുപ്രതികളുടെ വീടുകൾ തുടങ്ങിയ സ്ഥലങ്ങൾ വെഞ്ഞാറമൂട് ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ അണുവിമുക്തമാക്കി. അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്നും കടകളിൽ സാമൂഹിക അകലം പാലിക്കണമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു