തിരുവനന്തപുരം:ഇന്ന് പുന:രാരംഭിക്കുന്ന എസ്.എസ്.എൽ.സി,ഹയർസെക്കൻഡറി പരീക്ഷകൾക്കായി ജില്ലയിലെ സ്കൂളുകൾ സജ്ജമായി. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള 135 സ്‌കൂളുകളിൽ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയതായി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു അറിയിച്ചു. ശാരീരിക അകലം കർശനമായി പാലിക്കും. മാസ്‌കുകൾ, സാനിറ്റൈസർ, കൈകഴുകുന്നതിനുള്ള സോപ്പ് എന്നിവ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും ഉറപ്പാക്കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്‌കൂളുകളിൽ നേരിട്ടെത്തി സജ്ജീകരണങ്ങൾ വിലയിരുത്തി. ആരോഗ്യ പരിശോധനയ്ക്കുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
പത്താം ക്ലാസിൽ 20,055, പ്ലസ് വണ്ണിൽ 17,427, പ്ലസ് ടുവിൽ 17,970, വി.എച്ച്.എസ്.സി ഒന്നാം വർഷം 1,729, രണ്ടാം വർഷം 1,874 വിദ്യാർത്ഥികൾ വീതം ആകെ 59,055 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുക. ജില്ലാ പഞ്ചായത്തിൽ നിന്നും വിതരണം ചെയ്ത സാനിറ്റൈസറും മാസ്കുകളും സ്‌കൂൾ അധികൃതർ ഏറ്റുവാങ്ങി. ഫയർഫോഴ്‌സിന്റെയും പി.ടി.എകളുടെയും സഹകരണത്തോടെ മുഴുവൻ പരീക്ഷാ കേന്ദ്രങ്ങളും നേരത്തെ തന്നെ അണുവിമുക്തമാക്കിയിരുന്നു. വിദ്യാർത്ഥികൾക്ക് പരീക്ഷാകേന്ദ്രത്തിലേക്ക് എത്താൻ ആവശ്യമായ ഗതാഗത സൗകര്യവും ഒരുക്കിയിട്ടുണ്ട്.