തിരുവനന്തപുരം : കൊവിഡ് ബാധിതരുടെ എണ്ണം ദിവസേന ഉയരുന്നതിനിടെ , വൈറസ് സമൂഹ വ്യാപനത്തിലേക്ക് കടന്നോയെന്നറിയാൻ സംസ്ഥാനത്ത് ഇന്ന് റാൻഡം പരിശോധന നടത്തും.
ഹോട്ട്‌സ്‌പോട്ടുകളിലേതടക്കം ,സമൂഹത്തിലെ വിവിധ മേഖലകളിലുള്ള മൂവായിരം പേരുടെ സ്രവം ശേഖരിച്ചാണ് പരിശോധന. കൂടുതൽ പേർക്ക് പോസിറ്റീവായാൽ സമൂഹവ്യാപന ഘട്ടത്തിലെത്തിയെന്ന് ഉറപ്പിക്കാം. കൊവിഡ് ലക്ഷണമോ, രോഗികളുമായി സമ്പർക്കമോ ഇല്ലാത്തവർ, വിദേശ, ഇതര സംസ്ഥാന യാത്രാചരിത്രമില്ലാത്തവർ, മുതിർന്ന പൗരൻമാർ, ഗർഭിണികൾ തുടങ്ങിയവരിൽ നിന്നാണ് സാമ്പിളുകൾ ശേഖരിക്കുക. ഇവ പി സി ആർ പരിശോധനക്ക് വിധേയമാക്കും. രണ്ട് ദിവസത്തിനകം ഫലം ലഭിക്കും.
. നേരത്തേ, ഏപ്രിൽ 26നാണ് ഇതിന് മുമ്പ് റാൻഡം സാമ്പിൾ പരിശോധന നടന്നത്. അന്ന് 3,128 പേരുടെ സാംപിളുകൾ പരിശോധിച്ചതിൽ നാല് പേർക്ക് മാത്രമായിരുന്നു രോഗബാധ. സംസ്ഥാനത്തിന് പുറത്തുനിന്ന് നിരവധിപേർ എത്തിത്തുടങ്ങിയ സാഹചര്യത്തിലാണ് ഇന്ന് വീണ്ടും പരിശോധന.