anjan-

കാസർകോട്: ഗോവയിലെ റിസോർട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ നീലേശ്വരം പുതുക്കൈ സ്വദേശിനി അഞ്ജന കെ. ഹരീഷിന്റെ (21) പോസ്റ്റുമോർട്ടം റിപ്പോർട്ട് ദുരൂഹത വ‌ർദ്ധിപ്പിക്കുന്നു.മരണത്തിന് മുമ്പ് യുവതി പീഡനത്തിന് ഇരയായിട്ടുണ്ടെന്നതാണ് ഇതിലൊന്ന്. ഫോറൻസിക് പരിശോധനയിലും മരണത്തിൽ ചില സംശയങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ മാസം 13നാണ് ഗോവയിലെ ഒരു റിസോർട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ തലശ്ശേരി ബ്രണ്ണൻ കോളേജ് മുൻ വിദ്യാർത്ഥി കൂടിയായ അഞ്ജനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തുക്കൾക്കൊപ്പം കഴിയുന്നതിനിടെയാണ് സംഭവം. റിസോർട്ടിന് പുറത്തുള്ള ഒരു മരത്തിൽ കൂട്ടുകാരിലൊരാളുടെ തുണിയിലാണ് അഞ്ജന തൂങ്ങിമരിച്ചത്. സംഭവത്തിൽ ബന്ധുക്കൾ സംശയം രേഖപ്പെടുത്തിയതോടെയാണ് വിദഗ്ദ പോസ്റ്റുമോർട്ടവും ഫോറൻസിക് പരിശോധനയും നടന്നത്.

മരണത്തിന് മുമ്പ് അഞ്ജന പ്രകൃതിവിരുദ്ധമോ,അല്ലാത്തതോ ആയ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. കൈക്കും മുഖത്തും ചുണ്ടിലും കാണപ്പെട്ട മുറിവുകൾ ബലപ്രയോഗം മൂലം സംഭവിച്ചതാകാമെന്നും റിപ്പോർട്ടിലുണ്ട്. ലഹരിക്ക് അടിമയാക്കിയ ശേഷം അബോധാവസ്ഥയിൽ കെട്ടിത്തൂക്കിയതാകാനും വഴിയുണ്ടെന്ന് ഫോറൻസിക് വിദഗ്ധരും റിപ്പോർട്ട് നൽകിയിട്ടുണ്ട്. പുതുക്കൈ ജി .യു .പി സ്കൂളിന് സമീപത്തെ വാടക വീട്ടിൽ കഴിയുന്ന അമ്മ മിനിയും ബന്ധുക്കളും ആരോപണവുമായി യുവതിയുടെ സുഹൃത്തുക്കൾക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. ഗോവയിലെ താമസസ്ഥലത്തുനിന്ന് പത്തുമീറ്റർ അകലെയാണ് അഞ്ജനയെ തൂങ്ങിയ നിലയിൽ കണ്ടതെന്നിരിക്കെ സംഭവം അറിഞ്ഞില്ലെന്ന സുഹൃത്തുക്കളുടെ മൊഴി സംശയാസ്പദമാണെന്നും ബന്ധുക്കൾ പറയുന്നു.

സുഹൃത്തുക്കളായ ആതിര, നസീമ, ശബരി എന്നിവരാണ് അഞ്ജനയുടെ കൂടെ റിസോർട്ടിൽ ഉണ്ടായിരുന്നത്. അയൽവാസികൾ തൂങ്ങി നിൽക്കുന്ന നിലയിൽ അഞ്ജനയെ കണ്ടപ്പോൾ ജീവനുണ്ടായിരുന്നു. ആശുപത്രിയിൽ എത്തിയപ്പോഴാണ് മരിച്ചത്.

സുഹൃത്ത് നസീമയുടെ ഫോണിൽ നിന്നാണ് അഞ്ജന തലേന്നാൾ അമ്മയെ വിളിച്ചത്. താൻ നാട്ടിലേക്ക് വരുന്നുവെന്നും അമ്മ പറയുന്നതു പോലെ ജീവിച്ചു കൊള്ളാമെന്നും അഞ്ജന പറഞ്ഞിരുന്നതായി മാതാവ് മിനി നേരത്തെ വെളിപ്പെടുത്തിയിരുന്നു. അഞ്ജന ലഹരിക്ക് അടിമയായിരുന്നുവെന്നും ആത്മഹത്യാ പ്രവണത പലതവണ കാണിച്ചിരുന്നു എന്നും വ്യാജ പ്രചരണം അഴിച്ചു വിടുകയാണ് സുഹൃത്തുക്കളെന്നും ബന്ധുക്കൾ ആരോപിക്കുന്നു. സത്യാവസ്ഥ പുറത്തെത്തിക്കാൻ നിയമപോരാട്ടം തുടരാനുള്ള നീക്കവും ബന്ധുക്കൾ ആരംഭിച്ചിട്ടുണ്ട്.

ബൈറ്റ്

'മോളെ കൊല്ലാനാണ് അവർ കൊണ്ടുപോയത്.അല്ലാതെ അവൾ ഗോവയിൽ പോകേണ്ട ഒരു കാര്യവുമില്ലായിരുന്നു. സ്ക്രിപ്റ്റ് ചെയ്യാൻ എന്നുപറഞ്ഞാണ് ആതിരയും ശബരിയും നസീമയും അഞ്ജനയെ കൊണ്ടുപോയത്. ഒരിക്കലും എന്റെ മോള് ആത്മഹത്യ ചെയ്യില്ല. തന്റേടിയാണ് അവൾ. 'അമ്മ തെറ്റ് ചെയ്താലും അത് ചങ്കൂറ്റത്തോടെ ശരിയല്ലെന്ന് വിളിച്ചു പറയുന്നവളാണ് മോള്. പഠനത്തിലും കലാകായിക രംഗങ്ങളിലും മിടുക്കിയായ മോളെ നാട്ടിലേക്ക് തിരിച്ചു വരുന്നു എന്ന് പറഞ്ഞപ്പോൾ കൊന്നത് തന്നെയാണ് ..'

മിനി ( അഞ്ജനയുടെ 'അമ്മ )