suraj

തിരുവനന്തപുരം: കൊവിഡ് ബാധിച്ച പ്രതിയെ അറസ്റ്റ് ചെയ്ത സി.ഐ‌ക്കൊപ്പം പൊതുചടങ്ങിൽ പങ്കെടുത്ത നടൻ സുരാജ് വെഞ്ഞാറമൂടും ഇന്നലെ ക്വാറന്റൈനിലേക്ക് മാറി. പരിപാടിയിൽ പങ്കെടുത്ത വാമനപുരം എം.എൽ.എ ഡി.കെ. മുരളി, സുരാജിന്റെ സഹോദരൻ, വെഞ്ഞാറുമൂട് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ തുടങ്ങിയവരുൾപ്പെടെ 43 പേരാണ് നിരീക്ഷണത്തിലായത്.

സുരാജിന്റെ പുരയിടത്തിലെ കപ്പ കൃഷിയുടെ ഉദ്ഘാടന ചടങ്ങിലാണ് എം.എൽ.എയും സർക്കിൾ ഇൻസ്പെക്ടറും പങ്കെടുത്തത്. രോഗം സ്ഥിരീകരിച്ചയാൾക്ക് എങ്ങനെയാണ്‌ രോഗം പകർന്നതെന്ന് കണ്ടെത്താനായിട്ടില്ല. ആരോഗ്യവകുപ്പ് ഇതുമായി ബന്ധപ്പെട്ട പട്ടിക തയ്യാറാക്കുകയാണ്. പ്രതിയെ സ്റ്റേഷനിൽ എത്തിച്ച ദിവസം പൊലീസുകാരല്ലാതെ ആരുടെയെങ്കിലും സമ്പർക്കമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. മദ്യപിച്ച് കാറോടിച്ചതിനും പൊലീസിനുനേരെ കൈയേറ്റ ശ്രമം നടത്തിയതിനും ഈ മാസം 22നാണ് ഇയാളെയും രണ്ട് സുഹൃത്തുക്കളെയും

അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്ത കോടതിയിലെ മജിസ്ട്രേട്ട്,​ തിരുവനന്തപുരം സ്‌പെഷ്യൽ സബ് ജയിലിലെ പന്ത്രണ്ടോളം ഉദ്യോഗസ്ഥർ എന്നിവരും നിരീക്ഷണത്തിലായവരിൽ ഉൾപ്പെടുന്നു. വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷൻ അണുവിമുക്തമാക്കിയ ശേഷം പ്രവർത്തനം പുനരാരംഭിച്ചു.

നെല്ലനാട് ഗ്രാമ പഞ്ചായത്തിൽ 26, മാണിക്കൽ 11, പുല്ലമ്പാറ 3, പുളിമാത്ത് 3 എന്നിങ്ങനെയാണ് ക്വാറന്റൈനിലുള്ളത്. ഇതിൽ 14 പേർ വെഞ്ഞാറമൂട് സ്റ്റേഷനിലെ പൊലീസുകാരാണ്. കന്യാകുളങ്ങര ആശുപത്രി, രോഗം സ്ഥിരീകരിച്ച പ്രതിയുടെയും കൂട്ടു പ്രതികളുടെയും വീടുകൾ എന്നിവയും ഫയർഫോഴ്‌സ് അണുവിമുക്തമാക്കി. രോഗം സ്ഥിരീകരിച്ച യുവാവ് മുടിവെട്ടിക്കാൻ പോയ ടൗണിലെ ബാർബർ ഷോപ്പ് അടച്ചിടാൻ പഞ്ചായത്ത് നിർദ്ദേശിച്ചു.