സാൻ സാൽവഡോർ : കൊവിഡിനെ പിടിച്ചു കെട്ടാൻ സ്വീകരിച്ച നടപടികളുടെ പേരിൽ ഒരേ സമയം പ്രശംസകളും വിമർശനങ്ങളും നേരിട്ട ലോക നേതാക്കൾ നിരവധി പേരാണ്. അതിൽ ഒരാളാണ് എൽ സാൽവഡോറിന്റെ പ്രസിഡന്റായ നയീബ് ബുക്കേലെ. പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തിട്ട് ഒരു വർഷം തികഞ്ഞിട്ടില്ല. എന്നാൽ അതിനു മുമ്പ് തന്നെ എൽ സാൽവഡോറിലെ രാഷ്ട്രീയക്കാരിൽ നിന്നും തീർത്തും വ്യത്യസ്തനായ ഒരു നേതാവായി മാറാൻ ശ്രമിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ പ്രവൃത്തികളിലൂടെ മനസിലാക്കാൻ കഴിയുന്നത്.
മാർച്ചിൽ എൽ സാൽവഡോറിലെ ജനങ്ങളെയെല്ലാം ഞെട്ടിച്ചു കൊണ്ട് നയീബ് ഒരു തീരുമാനമെടുത്തു. വൈറസ് ലോകമാകെ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ എൽ സാൽവഡോറിന്റെ എല്ലാ അതിർത്തികളും അടയ്ക്കുക. അന്ന് എൽ സാൽവഡോറിൽ ഒരൊറ്റ കൊവിഡ‌് കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. എന്നാൽ മദ്യ അമേരിക്കയിലെ ഒരു ചെറു രാജ്യമായ തന്റെ രാജ്യം ഇപ്പോൾ മുതൽ വേണ്ട മുൻ കരുതലുകൾ സ്വീകരിക്കണമെന്ന് നയീബിന് അറിയാമായിരുന്നു. അന്ന് കുറേ പേർ നയീബിന്റെ തീരുമാനത്തെ ശക്തമായി വിമർശിച്ചിരുന്നു. എന്നാൽ ഇന്ന് ചിലരെങ്കിലും തങ്ങൾ പറഞ്ഞത് മാറ്റിപ്പറയാതിരുന്നില്ല. കാരണം ബ്രസീൽ, പെറു, കൊളംബിയ തുടങ്ങിയ ലാറ്റിനമേരിക്കൻ രാജ്യങ്ങളെയും യു.എസിനെയുമൊക്കെ വൈറസ് കാർന്നു തിന്നുമ്പോഴും എൽ സാൽവഡോറിൽ ഇതേ വരെ റിപ്പോർട്ട് ചെയ്തത് 1,983 കേസുകളും 35 മരണവുമാണ്.
അമേരിക്കയുമായി താരതമ്യം ചെയ്യുമ്പോൾ എത്രയോ ചെറുതാണ് കൊവിഡ് ഇപ്പോൾ എൽ സാൽവഡോറിൽ സൃഷ്ടിച്ചിരിക്കുന്ന തീവ്രത എന്ന് മനസിലാക്കാം. അമേരിക്കയോളം വലിപ്പമില്ലെിലും ലക്ഷണക്കിന് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന രാജ്യമാണ് എൽ സാൽവഡോർ. ഒരു വശത്ത് എൽ സാൽവഡോറിന്റെ രക്ഷകനായാണ് നയീബിനെ ജനങ്ങൾ കാണുന്നത്. മറ്റൊരു വശത്ത് സ്വന്തം രാജ്യത്തിന്റെ ഭരണഘടന ലംഘിക്കുന്ന ശക്തനായ ഒരു ലാറ്റിനമേരിക്കൻ ഭരണാധികാരിയായാണ് നയീബിനെ ചിത്രീകരിക്കുന്നത്.
38കാരനായ നയീബ് എൽ സാൽവഡോറുകാർക്ക് ഒരു അത്ഭുതം തന്നെയാണ്. 1992ലെ ആഭ്യന്തരയുദ്ധങ്ങൾക്ക് ശേഷം രാജ്യത്ത് അധികാരത്തിലെത്തിയ രണ്ട് പ്രധാന പാർട്ടികളിലെയും അംഗമല്ലാത്ത ആദ്യത്തെ പ്രസിഡന്റാണ് നയീബ്. നയീബിന്റെ അച്ഛന്റെ മാതാപിതാക്കൾ പലസ്തീനിൽ നിന്നും എൽ സാൽവഡോറിലേക്ക് കുടിയേറിയവരാണ്. ഒരിക്കലും തന്റെ വ്യക്തിത്വം മറച്ചു വച്ചല്ല ന്യൂവാസ് ഐഡിയാസ് എന്ന പുതിയ പാർട്ടി നേതാവായ നയീബ് പ്രസിഡന്റാകാൻ പ്രചാരണത്തിനിറങ്ങിയത്. തന്റെ ശൈലികളൊന്നും നയീബ് മാറ്റിമറിച്ചതുമില്ല. സോഷ്യൽ മീഡിയയാണ് ഇന്ന് ലോകത്ത് എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്ന്. അതേ സോഷ്യൽ മീഡിയ തന്നെ വിദഗ്ദമായി ഉപയോഗിക്കുന്ന ആളാണ് നയീബ്. മോട്ടോർ സൈക്കിൾ ജാക്കറ്റണിഞ്ഞ് തൊപ്പിയും വച്ച് വേദികളിലെത്തുന്ന നയീബിനെ എല്ലാവരും അത്ഭുതത്തോടെ നോക്കി. എൽ സാൽവഡോർ എന്ന പേര് കേൾക്കുമ്പോൾ തന്നെ ലാറ്റിനമേരിക്കയിലെ ഏറ്റവും ക്രൂരമായ ഡ്രഗ് മാഫിയകളെയാണ് ഓർമ വരിക. കൊല്ലും കൊലയും തുടർക്കഥയായ നഗരങ്ങൾ. അഴിമതിയുടെ ബാലപാഠങ്ങൾ മനപ്പാഠമാക്കിയ രാഷ്ട്രീയ നേതാക്കൾ. ഇതിനിടെയിൽ നരക തുല്യമായ ജീവിതം നയിക്കുന്ന ഒരു കൂട്ടം മനുഷ്യർ. മോട്ടർ സൈക്കിൾ ജാക്കറ്റും ധരിച്ച ഈ പയ്യൻ എന്തു ചെയ്യാനാണ് എന്ന് ചിലർ നെറ്റിചുളിച്ചു. എന്നാൽ രാജ്യത്തെ പ്രമുഖ പാർട്ടികളുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് നയീബ് പ്രസിഡന്റായി.
താൻ എന്ത് ചെയ്യണമെന്ന് കരുതുന്നുവോ അത് നേടിയെടുക്കണം എന്ന ഉറച്ച തീരുമാനമുള്ളയാളാണ് നയീബ്. അതിലാണ് നയീബ് തന്റെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും. വിമർശനങ്ങളോട് അപ്പോൾ തന്നെ പ്രതികരിക്കുന്നതാണ് നയീബിന്റെ ശീലം. ജേർണലിസ്റ്റുകൾ ഉൾപ്പെടെ തന്നെ വിമർശിക്കുന്നവരെയെല്ലാം ആക്രമിക്കാൻ സോഷ്യൽ മീഡിയയെ ആണ് നയീബ് ആയുധമായി തിരഞ്ഞെടുക്കുന്നത്. രാജ്യത്തെ പ്രധാന രാഷ്ട്രീയ പാർട്ടികൾക്ക് ഭൂരിപക്ഷമുള്ള നാഷണൽ അസംബ്ലിയും നയീബും കീരിയും പാമ്പും പോലെയാണ്. എൽ സാൽവഡോറിലെ രാഷ്ട്രീയ നേതാക്കൾ സ്വീകരിച്ചു വന്ന പാതയിൽ നിന്നും വ്യത്യസ്ഥമായി നീങ്ങുന്ന നയീബിന് ട്വിറ്ററിൽ ഏകദേശം 2 മില്യൺ ഫോളോവേഴ്സാണ് ഉള്ളത്.
കഴിഞ്ഞ സെപ്റ്റംബറിൽ ആദ്യമായി യുണൈറ്റഡ് നേഷൻസ് ജനറൽ അസംബ്ലിയിൽ സംസാരിക്കാനെത്തിയ നയീബ് ആദ്യം തന്നെ സ്റ്റേജിൽ കയറി സെൽഫിയെടുക്കുകയാണ് ചെയ്തത്. നയീബിന്റെ ശൈലി അധികാരം പിളർക്കുന്നതിനിടയാക്കുമെന്നും രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയെ ദുർബലമാക്കുമെന്നുമൊക്കെ നേരത്തെ വിമർശകർ പറഞ്ഞിരുന്നു.
മാർച്ച് മദ്യത്തോടെ രാജ്യത്തിന്റെ അതിർത്തികളെല്ലാം അടച്ച നയീബ് രാജ്യത്ത് ശക്തമായ ക്വാറന്റൈൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതിനിടെ രാജ്യത്തെ ദരിദ്രർക്കായി ആഹാരവും പണവും മാറ്റിവയ്ക്കാനും നയീബ് ശ്രദ്ധിച്ചു. ആയിരക്കണക്കിന് പേരെ സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിൽ ക്വാറന്റൈനിലാക്കി. രാജ്യത്ത് നടപ്പാക്കിയ നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യാൻ മിലിട്ടറിയ്ക്ക് അധികാരം നൽകി. എന്നാൽ അറസ്റ്റ് ഭരണഘടനാ വിരുദ്ധമാണെന്നും അത് നിറുത്തലാക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടപ്പോൾ നയീബ് അത് തള്ളിയെന്ന് മാത്രമല്ല, പട്ടാളക്കാർ എൽ സാൽവഡോറിയൻ തെരുവുകളിൽ തന്നെ തുടരുകയും ചെയ്തു. ലക്ഷക്കണക്കിന് സാൽവഡോറിയൻ ജനങ്ങളെ താൻ മരണത്തിലേക്ക് തള്ളിവിടാൻ ആഗ്രഹിക്കുന്നില്ലെന്ന് നയീബ് പറഞ്ഞു. എൽ സാൽവഡോർ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് മാഫിയ ഗാങ്ങുകൾ. അത്ര വേഗമൊന്നും ഗാങ്ങുകളെ രാജ്യത്ത് നിന്നും തുടച്ചു നീക്കാനാകില്ല. എങ്കിലും താൻ അത് ഇല്ലാതാക്കും എന്നാണ് അധികാരത്തിലെത്തിയപ്പോൾ നയീബ് പറഞ്ഞത്. അതിനായി പൊലീസിനും സൈന്യത്തിനുമായി ദശലക്ഷക്കണക്കിന് ഡോളറുകളുടെ സുരക്ഷാ പദ്ധതികൾ മുന്നോട്ട് വച്ചു. കഴിഞ്ഞ ഏപ്രിലിൽ രാജ്യത്ത് അതിക്രമങ്ങളുടെ എണ്ണം വൻ തോതിൽ വർദ്ധിച്ചിരുന്നു. അതോടെ രാജ്യത്ത് അതിക്രമങ്ങൾക്കെതിരെ അനുയോജ്യമായ നടപടികൾ സ്വീകരിക്കുന്നതിന് പൊലീസിനും മിലിട്ടറിയ്ക്കും നയീബ് അനുവാദം നൽകി. എൽ സാൽവഡോറിലെ ജയിലുകളിൽ കഴിയുന്ന ഗാങ്ങ് ലീഡർമാരിൽ നിന്നും പുറത്തുള്ള ആയിക്കണക്കിന് അനുയായികൾക്ക് ബന്ധമുണ്ടായിരുന്നു. ജയിലറകളിലാണെങ്കിലും പുറത്ത് ഇവർക്കുള്ള സ്വാധീനമാണ് കുറ്റകൃത്യങ്ങളുടെ എണ്ണം കൂടാനുള്ള മറ്റൊരു ഘടകം. നയീബിന്റെ ഉത്തരവിന് പിന്നാലെ ജയിലുകളിൽ വ്യാപക പരിശോധനകൾ നടന്നു. ഒട്ടും വൈകാതെ സർക്കാർ ചില ഫോട്ടോകൾ പുറത്തുവിട്ടു. ജയിലിലെ ഗാങ്ങ് ലീഡർമാരെയെല്ലാം അർദ്ധ നഗ്നരാക്കി കൊവിഡിനെ വകവയ്ക്കാതെ ഒരു ഹാളിൽ നിലത്ത് അടുക്കി ഇരുത്തിയിരിക്കുന്നു. എല്ലാവർക്കും മാസ്ക് നൽകിയിരുന്നു. കാഴ്ചയിൽ ക്രൂരമാണെങ്കിലും ഇതിലും ക്രൂരമായ പ്രവൃത്തികൾക്ക് കാരണക്കാരായ ഇവരോട് ഇത്തരത്തിൽ പെരുമാറുന്നത് കൊണ്ട് യാതൊരു പശ്ചാത്താപവും ഇല്ലെന്നാണ് ജയിലധികൃതർ പറയുന്നത്.
എൽ സാൽവഡോറിലെ കൊവിഡ് നിയന്ത്രണങ്ങൾ എത്രനാൾ നീണ്ട് നില്ക്കണം എന്ന തകർക്കമാണ് ഇപ്പോൾ നയീബും സുപ്രീംകോടതിയും നാഷണൽ കോൺഗ്രസും തമ്മിൽ. ജൂൺ 6 മുതൽ രാജ്യത്ത് ഘട്ടം ഘട്ടമായി ഇളവുകൾ നൽകാനാണ് നയീബ് ഉദ്ദേശിക്കുന്നത്. എന്നാൽ നാഷണൽ അസംബ്ലിയിലെ ജനപ്രതിനിധികൾ പറയുന്നത് ഉടൻ തന്നെ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നാണ്. എന്നാൽ കഴിഞ്ഞാഴ്ച സുപ്രീംകോടതി നയീബിന്റെ തീരുമാനത്തെ എതിർത്തു. കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ നീട്ടാൻ നയീബിന് അധികാരമില്ലെന്നും രാജ്യം തുറക്കുന്നത് സംബന്ധിച്ച് നാഷണൽ അസംബ്ലിയും പ്രസിഡന്റും ചേർന്ന് തീരുമാനമെടുക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. രാജ്യത്തെ നിയന്ത്രണങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികൾ ബില്ല് മുന്നോട്ട് വച്ചെങ്കിലും അത് നടക്കില്ലെന്ന് നയീബ് ഉറച്ചു നിന്നു. ഇങ്ങനെയൊരു പ്രസിഡന്റിനെ ഒരു പക്ഷേ ആദ്യമായാണ് എൽ സാൽവഡോറിലുള്ളവർ കാണുന്നത്. തന്റെ അധികാരം എങ്ങനെയൊക്കെ ഉപയോഗിക്കാമോ എങ്ങനെയെല്ലാം ഉപയോഗിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന ഒരു പ്രസിഡന്റാണ് നയീബ്. നയീബിനെ തകർക്കാനുള്ള അടുത്ത പദ്ധതി ആവിഷ്കരിക്കുകയാണ് രാജ്യത്തെ ജനപ്രതിനിധികൾ. തങ്ങളിൽ ആർക്കാണ് രാജ്യത്തിന്റെ പരമാധികാരം എന്നാണ് ഇപ്പോൾ എൽ സാൽവഡോറിലെ പ്രധാന ചോദ്യം. ഒരു വശത്ത് നയീബ്.. മറു ഭാഗത്ത് നാഷണൽ അസംബ്ലിയും സുപ്രീം കോടതിയും. കൊറോണ വൈറസ് തീരുന്നത് വരെയോ അതിനു ശേഷവുമോ ഈ തർക്കം തുടർന്നേക്കാം.