liquor
LIQUOR

തിരുവനന്തപുരം: സംസ്ഥാനത്ത് വെർച്വൽ ക്യൂ വഴി മദ്യം വിൽക്കുന്നതിനായി തയ്യാറാക്കിയ ആപ്പിന് ഗൂഗിൾ പ്ളേ സ്റ്റോറിന്റെയും ആപ്പ് സ്റ്റോറിന്റെയും അനുമതി ഇന്നലെ ലഭിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും കിട്ടിയില്ല. ഇന്നു രാവിലെയോടെ അനുമതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബെവ്കോ എം.ഡ‌ി സ്‌പർജൻ കുമാർ പറഞ്ഞു. ബിവറേജസ് കോർപറേഷനുവേണ്ടി ഫെയർകോഡ് കമ്പനി തയ്യാറാക്കിയ ആപ്പിന്റെ പരിശോധന അമേരിക്കയിലെ ഗൂഗിളിന്റെ ആസ്ഥാനത്താണ് നടക്കുന്നത്. ശനി,​ ഞായർ ദിവസങ്ങൾ ഗൂഗിളിന് അവധിയായിരുന്നു. ഇന്നലെ യു.എസ് പ്രസിഡ‌ന്റ്സ് മെമ്മോറിയൽ ഡേ ആഘോഷങ്ങൾ നടന്നതിനാൽ പരിശോധന നടന്നില്ല.

ഗൂഗിൾ ആവശ്യപ്പെട്ട തിരുത്തലുകൾ വരുത്തിയ ആപ്പ് ശനിയാഴ്ച അംഗീകാരത്തിനായി കൈമാറിയിരുന്നു. ആപ്പിന് അംഗീകാരം ലഭിച്ചാലും അന്നുതന്നെ മദ്യവിതരണം ആരംഭിക്കാനാകില്ല. 8 മുതൽ 10 മണിക്കൂർ വരെ യൂസർ ലവൽ സാങ്കേതിക പരിശോധന നടത്തേണ്ടതുണ്ട്. തൊട്ടടുത്ത ദിവസമേ മദ്യവിതരണം തുടങ്ങാനാകൂ. ബെവ്കോ, കൺസ്യൂമർഫെഡ്‌ ഔട്ട്‌ലെറ്റുകളുടെയും മദ്യം വില്ക്കാൻ സന്നദ്ധത അറിയിച്ച ബാറുകൾ,​ ബിയർ,​ വൈൻ പാർലറുകൾ എന്നിവയുടെയും പട്ടിക ബെവ് ക്യൂ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്‌മാർട്ട് ഫോൺ ഇല്ലാത്തവർക്ക് എസ്.എം.എസ് വഴിയും മദ്യം ബുക്ക് ചെയ്യാം. ഇതിനായി ഒരു നമ്പർ ബെവ്കോ ഏർപ്പെടുത്തും.