തിരുവനന്തപുരം:നഗരത്തിൽ ഹോം ക്വാറന്റൈൻ ലംഘിച്ച രണ്ടുപേർക്കെതിരെ കേസെടുത്തതായി സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. ഇതിലൊരാൾ തമിഴ്നാട്ടിലെ തിരുനെൽവേലി ശങ്കരൻകോവിലിൽ നിന്നും തിരുവനന്തപുരത്തെത്തി മെഡിക്കൽകോളേജ് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ഹോംക്വാറന്റൈനിൽ കഴിഞ്ഞിരുന്നതാണ്. രണ്ടാമത്തെയാൾ ബംഗളൂരുവിൽ നിന്നും വന്ന് നേമം പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ബന്ധു വീട്ടിൽ ഹോംക്വാറന്റൈനിൽ കഴിഞ്ഞുവരികയായിരുന്നു. ഹോം ക്വാറന്റൈനിൽ കഴിയുന്നവരുടെ ദിവസേനയുള്ള നിരീക്ഷണത്തിന്റെ ഭാഗമായി പൊലീസ് ഇവരുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ വീട്ടിലില്ല എന്ന് മനസിലാക്കി. തുടർന്നു നടത്തിയ അന്വേഷണത്തിൽ മെഡിക്കൽകോളേജ് സ്‌റ്റേഷൻ പരിധിയിൽ ക്വാറന്റൈൻ ലംഘിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്ത് സർക്കാർ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റി. ഇരുവർക്കുമെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരവും കേരള പബ്ലിക് ഹെൽത്ത് ആക്ട് പ്രകാരവും കേസെടുത്തു. തലസ്ഥാനത്ത് ഇതുവരെ ആറു പേർക്കെതിരെയാണ് ക്വാറന്റൈൻ ലംഘിച്ചതിന് കേസെടുത്തത്. ഇന്ന് ആരംഭിക്കുന്ന പത്താം ക്ലാസ് പരീക്ഷയ്ക്ക് എത്തുന്ന വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും സാമൂഹിക അകലവും കൃത്യമായും പാലിക്കണമെന്ന് കമ്മിഷണർ അറിയിച്ചു .