pig

തിരുവനന്തപുരം: കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലണമെന്ന കർഷകരുടെ ദീർഘകാല ആവശ്യത്തിന് പരിഹാരമാകുന്നു. വന്യജീവി പട്ടികയിൽ നിന്നും പന്നികളെ തത്കാലം ഒഴിവാക്കി 'ശല്യകാരി 'കളായി പ്രഖ്യാപിക്കാൻ സർക്കാർ നടപടി തുടങ്ങി. ഇതിായി വന്യജീവി പട്ടികയിൽ നിന്ന് പന്നിയെ ഒഴിവാക്കാൻ കേന്ദ്ര വൈൽഡ് ലൈഫ് ബോർഡിന് വനം വകുപ്പ് അപേക്ഷ നൽകി. അംഗീകരിച്ചാൽ കൃഷിയിടത്തിൽ കയറുന്ന കാട്ടുപന്നികളെ കർഷകന് കൊല്ലാം. നിയമ നടപടികൾ ഒഴിവാകും.
പട്ടണ പ്രദേശങ്ങളിലും കാട്ടുപന്നി ശല്യം വർദ്ധിച്ചു. പന്നികൾ പെറ്റുപെരുകി കർഷകർക്ക് തലവേദനയായതോടെ വനം മന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് പന്നികളെ ശല്യകാരികളായി പ്രഖ്യാപിക്കുന്നത്. പ്രഖ്യാപനത്തിന് ആറു മാസമേ കാലാവധി ഉണ്ടാവൂ. അതിനിടയിൽ നാട്ടിലിറങ്ങിയ പന്നികളെ മുഴുവൻ കൊല്ലാമെന്നാണ് പ്രതീക്ഷ.

തോക്കുള്ളവർക്കും അനുമതി

ഡി.എഫ്.ഒ യുടെ നിർദ്ദേശ പ്രകാരം ഫോറസ്റ്റ് ഗാർഡോ പൊലീസോ മാത്രമേ പന്നിയെ വെടിവച്ചു കൊല്ലാവൂ എന്ന നിയമവും വനംവകുപ്പ് ഇളവ് ചെയ്‌തു. ശല്യകാരി നിയമം വരുന്നതുവരെ ഡി.എഫ്.ഒ മാർ ചുമതലപ്പെടുത്തുന്ന,​ ലൈസൻസുള്ള തോക്ക് കൈവശമുള്ളവർക്കും പന്നിയെ കൊല്ലാം. വനം മന്ത്രി കെ.രാജുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഇതിന് തീരുമാനമായി.ഉത്തരവ് ഉടൻ ഇറങ്ങും.
ലൈസൻസ്ഡ് തോക്കുള്ള എക്സ് സർവീസുകാർ, വെടിവയ്‌ക്കാൻ അറിയാവുന്നവർ എന്നിവരുടെ പട്ടിക ഡി.എഫ്.ഒ തയ്യാറാക്കും. പന്നി ശല്യമുള്ള മേഖലകളിൽ വെടിവയ്ക്കാൻ ഇവരെ ഡി.എഫ്.ഒ ചുമതലപ്പെടുത്തും. ഒരു പന്നിയെ കൊന്നാൽ ആയിരം രൂപ ഇവർക്ക് വകുപ്പ് നൽകും. കൊന്ന പന്നിയെ ഡി.എഫ്.ഒ യെ അറിയിച്ച് മണ്ണെണ്ണ ഒഴിച്ച് കത്തിക്കണം.


കാട്ടുപന്നികളെ കൊല്ലുന്നതിലൂടെ കർഷകരുടെ കൃഷി

നഷ്ടം ഒഴിവാക്കുകയാണ് ലക്ഷ്യം. കേന്ദ്ര വൈൽഡ് ലൈഫ് ബോർഡിന്റെ അനുമതി ഉടൻ ഉണ്ടാകും.

-കെ.രാജു

( വനം മന്ത്രി )