r

തിരുവനന്തപുരം: സുരക്ഷാ ഉദ്യോഗസ്ഥർ വേണ്ട, നെറ്റിക്കു നേരെ തെർമ്മൽ സ്‌കാനർ ചൂണ്ടിപിടിക്കേണ്ട,​ രോഗലക്ഷണമുള്ളയാൾ ഈ സുരക്ഷാവാതിലിലൂടെ കടന്നുപോയാൽ മതി രോഗലക്ഷണമുണ്ടെങ്കിൽ അപ്പോൾ തിരിച്ചറിയാം. രാജ്യത്ത് ആദ്യമായി സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ച തെർമൽ ഇമേജിംഗ് സ്‌കാനർ മറ്റ് സംസ്ഥാനങ്ങളും ഏറ്റടുക്കാനൊരുങ്ങുകയാണ്

യാത്രക്കാരുടെ ശരീരോഷ്‌മാവ് അളക്കാനും ഒപ്പം മെറ്റൽ ഡിറ്റക്ടറായി പ്രവർത്തിക്കുകയും ചെയ്യുന്ന നിർമ്മിതബുദ്ധിയുടെ ( ആർട്ടിഫിഷ്യൽ ഇന്റലിജന്റസ് )​ സഹായത്തോടെ പ്രവർത്തിക്കുന്ന തെർമൽ ഇമേജിംഗ് സ്‌കാനർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ രണ്ട് ദിവസം മുമ്പാണ് പ്രവർത്തനക്ഷമമായത്. വ്യക്തിയുടെ മുഖം തിരിച്ചറിയാനുള്ള സാങ്കേതികവിദ്യ, ഉയർന്ന താപനില പരിശോധിച്ച് മുന്നറിയിപ്പ് നൽകൽ, മാസ്‌ക് ധരിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കൽ, അപായകരമായ വസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടോ എന്ന പരിശോധന എന്നിവ ആരുടെയും സഹായമില്ലാതെ ചെയ്യാമെന്നതാണ് ഈ സംവിധാനത്തിന്റെ സവിശേഷത. പ്രാമാ ഹൈക്വിഷൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ സാമൂഹിക പ്രതിബന്ധത പദ്ധതിയുടെ ഭാഗമായി ചന്ദ്രൻ തരൂർ ഫൗണ്ടേഷനുമായി സഹകരിച്ചാണ് ഇതുസ്ഥാപിച്ചത്. ശശി തരൂർ എം.പിയാണ് ഇതിനു മുൻകൈയെടുത്തത്. ഉപകരണം സ്ഥാപിക്കാനുള്ള സാങ്കേതികസഹായം നൽകിയത് മെലിഡം ട്രേഡേഴ്സ് ആണ്. പ്രതിദിനം 45,000 മുതൽ 48,000 വരെ പേരെ സ്‌കാൻ ചെയ്യാൻ സഹായിക്കുന്ന ഈ ഉപകരണം റെയിൽവേ സ്റ്റേഷനിലെ പ്രധാന കവാടത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. പ്രവർത്തനോദ്ഘാടന ചടങ്ങിൽ റെയിൽവേ സീനിയർ ഡിവിഷനൽ കൊമേഴ്സ്യൽ മാനേജർ ഡോ. രാജേഷ് ചന്ദ്രൻ, ശശി തരൂർ എംപിയുടെ സ്‌പെഷൽ അസി. രോഹിത് സുരേഷ്, ഡോ. ഉണ്ണിക്കൃഷ്ണൻ, ശ്യാംകുമാർ എന്നിവർ പങ്കെടുത്തു.