ലണ്ടൻ : മാർച്ച് 11ന് ആൻഫീൽഡ് ഗ്രൗണ്ടിൽ ലിവർപൂളും സ്പാനിഷ് ക്ളബ് അത്‌ലറ്റിക്കോ മാഡ്രിഡും തമ്മിൽ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരം കാരണം കുറഞ്ഞത് 41 പേരെങ്കിലും കൊവിഡ് ബാധിച്ച് മരിക്കാൻ ഇടവരുത്തിയിട്ടുണ്ടെന്ന് റിപ്പോർട്ട്. ബ്രിട്ടന്റെ നാഷണൽ ഹെൽത്ത് സർവീസിന്റെ ഡാറ്റാ അനാലിസിസിന്റെ അധികരിച്ച് സൺഡേ ടൈംസ് പത്രമാണ് ഇൗ റിപ്പോർട്ട് പുറത്തുവിട്ടത്.
ലണ്ടനിൽ കൊവിഡ് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ് ഇൗ മത്സരം നടന്നത്. സ്റ്റേഡിയത്തിൽ കളികാണാൻ 52000 പേർ ഉണ്ടായിരുന്നു. ഇതിൽ 3000 പേർ സ്പെയ്നിൽ നിന്നെത്തിയവരായിരുന്നു. ഇൗ മത്സരം മാറ്റിവച്ചേക്കുമെന്ന് അന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെന്നും ബാഹ്യ സമ്മർദ്ദത്തെതുടർന്ന് നടത്തുകയായിരുന്നുവെന്നും സൺഡേ ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു. മത്സരം കഴിഞ്ഞ് 25-35 ദിവസത്തിനകം സമീപപ്രദേശത്ത് പ്രതീക്ഷിച്ചതിലും 41 പേർ അധികമായി മരിച്ചെന്ന് എൻ.എച്ച്.എസിന്റെ പഠനത്തിൽ പറയുന്നു.
ആ സമയത്ത് ബ്രിട്ടനിൽ ഒരുലക്ഷം കേസുകളെ ഉണ്ടായിരുന്നുള്ളൂ. സ്‌പെയ്നിൽ ആറരലക്ഷത്തോളം കേസുകളായിരുന്നു. ആ സമയത്തുതന്നെ തെക്കുപടിഞ്ഞാറൻ ഇംഗ്ളണ്ടിൽ നാല് ദിവസമായി നടന്ന ചെൽറ്റൻഹാം കുതിരയോട്ട മത്സരം 37 മരണങ്ങൾക്ക് കാരണമായി എന്നും പഠനത്തിലുണ്ട്.