തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്കാർക്ക് ബസ് മാത്രമല്ല, ചെറു സിനിമയും ഓടിക്കാൻ പറ്റും! നമ്മൾ കാണുന്ന നീല യൂണിഫോമിനുള്ളിലെ കലാകാരന്മാർ ചേർന്നുണ്ടാക്കിയ രണ്ടര മിനിട്ട് വീഡിയോചിത്രം 24 മണിക്കൂറിനുള്ളിൽ രണ്ട് ലക്ഷത്തോളം പേരുടെ മനസിലേക്ക് ഓടിക്കയറിയിരിക്കുകയാണിപ്പോൾ.
ബസിനുള്ളിൽ മാസ്ക് ധരിക്കുക, സാനിട്ടൈസർ ഉപയോഗിച്ച് ഒരിക്കൽ കൂടി സുരക്ഷിതാരാകുക, സാമൂഹ്യ അകലം പാലിക്കുക തുടങ്ങിയ സന്ദേശങ്ങളെ കൃത്യമായി പൊതുജനങ്ങളിലെത്തികുന്ന വീഡിയോ ആണിത്. കെ.എസ്.ആർ.ടി.സി ജീവനക്കാരായ സുഹൃത് സംഘം തയ്യാറാക്കിയ 'സുരക്ഷയിലേക്കൊരു ഡബിൾ ബെൽ' എന്ന വീഡിയോചിത്രം കെ.എസ്.ആർ.ടി.സിയുടെ മീഡിയാ സെൽ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ റംസാൻ നാളിലാണ് പുറത്തുവിട്ടത്. വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ മന്ത്രി തോമസ് ഐസക്, വി.കെ.പ്രശാന്ത് എം.എൽ.എ കൊല്ലം ജില്ലാ കളക്ടർ അബ്ദുൽ നാസർ തുടങ്ങിയവർ ഷെയർ ചെയ്തു.
ബസ് സർവീസ് പുനരാംരംഭിക്കുന്നതിനു മുമ്പ് ലോക്ക് ഡൗൺ നാളിൽ കണ്ടക്ടർ എസ്.ആർ.ശശികുമാറിന്റെ മനസിൽ തോന്നിയ ആശയം സഹപ്രവർത്തകരായ അഭിലാഷിനോടും രതീഷിനോടും പങ്കു വച്ചതിൽ നിന്നാണ് വീഡിയോ ചിത്രത്തിന്റെ പിറവി. സംവിധാന രംഗത്ത് മുൻപരിചയമുള്ള രാജേഷ് ജയകുമാരൻ അത് സാക്ഷാത്കരിച്ചു. ശശികുമാർ സ്ക്രിപ്ട് തയ്യാറാക്കി.
'പുറത്തേക്കിറങ്ങുമ്പോൾ ചില സ്ഥാപനങ്ങൾക്കു മുന്നിൽ 'നൊ മാസ്ക് നൊ എൻട്രി' എന്നെഴുതിയ ബോർഡുകൾ ശ്രദ്ധയിൽപെട്ടിരുന്നു. അതാണ് വീഡിയോ ചിത്രം ഒരുക്കുന്നതിൽ കൊണ്ടെത്തിച്ചതെന്ന് ശശികുമാർ പറഞ്ഞു.
ബസിലിരുന്ന് മാസ്ക് നീക്കി തുപ്പാനൊരുങ്ങുന്ന യാത്രക്കാരനെ വിലക്കികൊണ്ട് കണ്ടക്ടർ അഭിലാഷ് പറയുന്ന ''ഹല ഹലോ തുപ്പല്ലേ തുപ്പല്ലേ നമ്മൾ ശരിക്കും തോറ്റുപോകും'' എന്ന ഡയലോഗ് മലയാളി മലയാളിയോടു തന്നെ പറയുന്നതാണ്. ഒരു ബാലികയിൽ നിന്നാണ് ചിത്രം തുടങ്ങുന്നത് അഭിലാഷിന്റെ മകൾ അതിദിയാണ് ആ വേഷത്തിലെത്തിയത്. ഛായാഗ്രഹണവും എഡിറ്റിംഗും നിർവഹിച്ചത് അഭിജിത്ത് എം. നായർ.
''വീഡിയോയുടെ അവസാനം പറയുന്നതുപോലെ 'ജനവാഹകരായ കെ.എസ്.ആർ.ടി.സി രോഗവാഹകരാകാതിരിക്കാൻ വ്യക്തി ശുചിത്വവും സാമൂഹ്യ അകലവും ശീലിച്ച് സർക്കാറിന്റെ സുരക്ഷാമാനദണ്ഡങ്ങൾ പൂർണമായി പാലിച്ചുകൊണ്ടാകാം ഇനിയുള്ള യാത്രയെന്ന് - കെ.എസ്.ആർ.ടി.സി എക്സിക്യൂട്ടീവ് ഡയറക്ടർ ജി.അനിൽകുമാർ പറയുന്നു.