കൊല്ലം: സ്പിരിറ്റ് വെള്ളം ചേർത്ത് നേർപ്പിച്ച് കുപ്പികളിലാക്കി വിൽക്കുന്ന മദ്ധ്യവയസ്കൻ കൊല്ലം എക്സൈസ് ഷാഡോ സംഘത്തിന്റെ പിടിയിലായി. അയത്തിൽ പുളിയത്ത് മുക്ക് ആർ.പി ഭവനിൽ അനിൽ ചന്ദ്രനാണ് (49) പിടിയിലായത്. ഇയാൾ വില്പനയ്ക്കായി സ്‌കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന 5 ലിറ്റർ സ്പിരിറ്റും സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തു.
സ്പിരിറ്റ് നേർപ്പിച്ച് ഒരു ലിറ്ററിന്റെ കുപ്പികളിൽ അയത്തിലിനും ചെമ്മാംമുക്കിനും ഇടയിലുള്ള പ്രദേശങ്ങളിൽ സ്കൂട്ടറിൽ കറങ്ങി വിൽക്കുന്നതായി എക്സൈസ് സംഘത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. വേഷപ്രച്ഛന്നരായി എത്തി തന്ത്രപരമായാണ് എക്സൈസ് ഷാഡോ സംഘം അനിൽചന്ദ്രനെ പിടികൂടിയത്. സ്പിരിറ്റിൽ മൂന്നുമടങ്ങ് വെള്ളം ചേർത്ത് ഒരു ലിറ്ററിന്റെ കുടിവെള്ള കുപ്പി ഒന്നിന് 1500 രൂപാ നിരക്കിലാണ് വില്പന നടത്തിയിരുന്നത്. കസ്റ്റഡിയിലായ ശേഷം 200 പേർ മദ്യം ആവശ്യപ്പെട്ട് അനിൽചന്ദ്രന്റെ ഫോണിൽ വിളിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രതിയെ റിമാൻഡ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ ടി. രാജീവ്, പ്രിവന്റീവ് ഓഫീസർ ശ്യാംകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ മനു, ശ്രീനാഥ്, നിതിൻ ഗോപകുമാർ, ഡ്രൈവർ നിതിൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശാലിനി ശശി എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.