ഇന്ത്യൻ ഹോക്കിയെന്നാൽ മേജർ ധ്യാൻ ചന്ദ് മാത്രമായിരുന്നില്ലെന്ന് തന്റെ ജീവിതംകൊണ്ട് തെളിയിച്ച മഹാനായ കളിക്കാരനാണ് ഇന്നലെ മരണത്തിന്റെ ഗോൾമുഖത്തേക്ക് മറഞ്ഞ ബൽബീർസിംഗ് സീനിയർ.
സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുമ്പ് ഇന്ത്യൻ ഹോക്കിയുടെ മാന്ത്രികനായിരുന്നു. ധ്യാൻചന്ദ്. സ്വാതന്ത്ര്യാനന്തര ഭാരതം കണ്ട ധ്യാൻചന്ദിനോളം പോന്ന സെന്റർ ഫോർവേഡായിരുന്നു ബൽബീർ . തന്റെ കരിയറിലുടനീളം ബൽബീർ വാഴ്ത്തപ്പെട്ടത് ധ്യാൻചന്ദിന്റെ പുനരവതാരം എന്നായിരുന്നു.
രണ്ടുകാലങ്ങളിലായി ഇന്ത്യൻ ഹോക്കിയുടെ നെടുംതൂണായിരുന്നവരാണ് ധ്യാൻചന്ദും ബൽബീറും . ഇരുവരും മൂന്ന് ഒളിമ്പിക്സുകളിൽ വീതം ഇന്ത്യയെ സ്വർണമണിയിച്ചു. ടീമിന്റെ നായകരായി നിറഞ്ഞുനിന്നു. ആരാധകരുടെ ഹൃദയങ്ങളിൽ ആഴ്ന്നിറങ്ങുകയും ചെയ്തു.
അറസ്റ്റ് ചെയ്ത്
ടീമിലെടുത്തു
പ്രാദേശിക തലത്തിൽ മികച്ച കളിക്കാരനായിരുന്ന ബൽബീറിനെ പഞ്ചാബ് പൊലീസ് ടീമിലെടുക്കാൻ അന്നത്തെ ബ്രിട്ടീഷ് അധികാരികൾ തീരുമാനിച്ചു. എന്നാൽ പൊലീസിൽ ബ്രിട്ടീഷുകാർക്കൊപ്പം ചേരാൻ ബൽബീർ ഒരുക്കമായിരുന്നില്ല. തുടർന്ന് പൊലീസുകാർ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്താണ് ടീമിൽ ചേർക്കാൻ കൊണ്ടുപോയത്. അന്ന് അറസ്റ്റിന് നേതൃത്വം നൽകിയ ബ്രിട്ടീഷ് ഒാഫീസർ ജോൺ ബെന്നറ്റാണ് 1948 ൽ ഒളിമ്പിക്സിനായി ബൽബീർ സിംഗ് ലണ്ടനിലെത്തിയപ്പോൾ സ്വീകരിക്കാനെത്തിയത്.
കാണികൾ വിളിച്ചു
ബൽബീർ എത്തി
1948 ലെ ലണ്ടൻ ഒളിമ്പിക്സിനുള്ള ടീമിൽ ബൽബീർ സിംഗിനെ ആദ്യം 39 അംഗ സാദ്ധ്യതാടീമിൽ പോലും ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ അദ്ദേഹത്തെ ടീമിലെടുക്കണമെന്ന ആരാധകരുടെ ആവശ്യം ശക്തമായിരുന്നു. ഒടുവിൽ അധികാരികൾക്ക് ബൽബീറിനെ ലണ്ടനിലേക്ക് അയക്കേണ്ടിവന്നു.
ലണ്ടനിൽ ചെന്നിട്ടും കാര്യങ്ങൾ ബൽബീറിന് അനുകൂലമായിരുന്നില്ല. അർജന്റീനയ്ക്കെതിരെ മികച്ച രീതിയിൽ കളിച്ചിട്ടും ക്വാർട്ടറിലും സെമിയിലും പ്ളേയിംഗ് ഇലവനിലെത്താനായില്ല. അന്ന് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷണറായിരുന്ന വി.കെ. മേനോന്റെ ഉൾപ്പെടെയുള്ള ഇടപെടൽ കൊണ്ടാണ് ബൽബീർ ഫൈനലിൽ ബ്രിട്ടനെതിരെ കളിക്കാനിറങ്ങിയതെന്നാണ് കഥ.
1948 ലെ ഫൈനൽ
ഇന്ത്യയുടെ ത്രിവർണ പതാക ആദ്യമായി ഒരു ഒളിമ്പിക് മെഡൽ ദാന വേദിയിൽ ഉയർന്നത് 1948 ലാണ്. ഇന്ത്യ ആദ്യ സ്വാതന്ത്ര്യ വാർഷികദിനം ആഘോഷിക്കുന്നതിന് കുറച്ചുദിവസങ്ങൾ മാത്രം മുമ്പ് ലണ്ടനിൽ 11 ഹോക്കി താരങ്ങൾ ചേർന്ന് ബ്രിട്ടനെ വീണ്ടും മുട്ടുകുത്തിച്ചു. ഒരുവർഷം മുമ്പുവരെ തങ്ങളുടെ കോളനി മാത്രമായിരുന്ന ഇന്ത്യയോട് കളിക്കാൻ ബ്രിട്ടന് ഒട്ടുമേ താത്പര്യമുണ്ടായിരുന്നില്ല. എന്നാൽ ഒളിമ്പിക്സ് ആയതിനാൽ അവർ ഇറങ്ങേണ്ടിവന്നു.
വെംബ്ളി സ്റ്റേഡിയത്തിലായിരുന്നു ഫൈനൽ. മറുപടിയില്ലാത്ത നാലുഗോളുകൾക്കാണ് ഇന്ത്യ ബ്രിട്ടനെ കശക്കിയെറിഞ്ഞത്. അതിൽ രണ്ട് ഗോളുകൾ ബൽബീറിന്റെ സ്റ്റിക്കിൽ നിന്നായിരുന്നു. ബ്രിട്ടനിൽ ചെന്ന് ഇംഗ്ളീഷുകാരെ കീഴടക്കിയ ആ പോരാളികളെ വാരിപ്പുണരാൻ ഗ്രൗണ്ടിലേക്ക് ആദ്യം ഒാടിയെത്തിയവരിൽ സാക്ഷാൽ വി.കെ. കൃഷ്ണമേനോനുമുണ്ടായിരുന്നു.
വീരവരവേൽപ്പ്
അതിനുമുമ്പ് തുടർച്ചയായി മൂന്ന് ഒളിമ്പിക്സുകളിൽ ഇന്ത്യ ഹോക്കി സ്വർണം നേടിയിരുന്നുവെങ്കിലും ലണ്ടനിലെ നേട്ടത്തിന് വലിപ്പം കൂടുതലായിരുന്നു. ബോംബെയിൽ മടങ്ങിയെത്തിയപ്പോൾ ലഭിച്ച വരവേൽപ്പ് മറക്കാനാവില്ലെന്ന് ബൽബീർസിംഗ് തന്റെ ആത്മകഥയിൽ പറഞ്ഞിട്ടുണ്ട്. ഡൽഹിയിൽ ചെന്നപ്പോൾ രാഷ്ട്രപതി രാജേന്ദ്ര പ്രസാദും പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും ചേർന്നാണ് സ്വീകരിക്കാനെത്തിയത്.
മർമ്മമറിയുന്ന
മാനേജർ
1975 ലെ ലോകകപ്പ് ടീമിന്റെ മാനേജരായിരുന്നു ബൽബീർ സിംഗ്. ആദ്യമത്സരത്തിൽ ടീം തോറ്റതോടെ എല്ലാവരും മാനസികമായി തളർന്നു. എന്നാൽ ബൽബീറിന്റെ ഉള്ളിലെ പോരാളി ഉണർന്നു. പശ്ചിമ ജർമ്മനിമായുള്ള മത്സരത്തിന്റെ അന്ന് രാവിലെ പ്രഭാത ഭക്ഷണത്തിനായി എല്ലാവരെയും ഒരുമിച്ചുവിളിച്ചു. ഒാരോരുത്തരോടായി ദീർഘമായി സംസാരിച്ചു. അതോടെ കളിക്കാരിൽ ആത്മവിശ്വാസം തിരികെ കയറി.ഇന്ത്യ മലേഷ്യയിൽ നിന്ന് ആ ലോകകപ്പുമായി മടങ്ങിയെത്തിയത് ചരിത്രം . അതിനുമുമ്പോ ശേഷമോ ഇന്ത്യ ഹോക്കി ലോകകപ്പ് നേടിയിട്ടുമില്ല.
ഒരു സങ്കടം
ഒരു സങ്കടം മാറ്റാനാകാതെയാണ് ബൽബീർസിംഗ് മരണത്തിന്റെ യവനികയ്ക്കുള്ളിൽ മറയുന്നത്. കളിക്കളത്തിൽനിന്ന് തനിക്ക് ലഭിച്ച അമൂല്യ വസ്തുക്കൾ മ്യൂസിയത്തിലാക്കി സൂക്ഷിക്കാൻ അദ്ദേഹം 1985 ൽ സ്പോർട്സ് അതോറിട്ടി ഒഫ് ഇന്ത്യയ്ക്ക് കൈമാറിയിരുന്നു. എന്നാൽ മ്യൂസിയം ഉണ്ടാക്കിയില്ല.ബൽബീർ കൈമാറിയ ചരിത്രപ്രധാന്യമുള്ള വസ്തുക്കൾ ചവറ്റുകുട്ടയിലെറിയപ്പെട്ടു. തന്റെ അമൂല്യ ശേഖരം ബൽബീർ തിരികെ ചോദിച്ചപ്പോൾ സായ് കൈമലർത്തിക്കാട്ടി. കഴിഞ്ഞ എട്ടുവർഷമായി വിവരാവകാശ നിയമപ്രകാരം ഇതിനെക്കുറിച്ച് അന്വേഷിച്ചുവരികയായിരുന്നു ബൽബീറും കുടുംബവും.
ഒളിമ്പിക്സിന്റെ ഉദ്ഘാടനചടങ്ങിൽ ധരിച്ച ബ്ളേസർ, മെഡലുകൾ അപൂർവ ചിത്രങ്ങൾ തുടങ്ങിയവ ഇതിലുണ്ടായിരുന്നു. മൂന്ന് ഒളിമ്പിക്സ് സ്വർണ മെഡലുകളും പത്മശ്രീ പുരസ്കാരവും മാത്രമാണ് ബൽബീർ സ്വന്തമായി സൂക്ഷിച്ചത്. അത് മാത്രമാണ് നഷ്ടപ്പെടാതിരുന്നതും.
സിനിമാക്കഥ
ഇന്ത്യൻ ഹോക്കിയുടെ സുവർണതാരം എന്ന വിശേഷണത്തിന് ഏറ്റവും അർഹനാണ് ബൽബീർ സിംഗ് സീനിയർ. ബ്രിട്ടീഷ് നുകത്തിന് കീഴിൽനിന്ന് മാറിയ ഇന്ത്യയെ ഒളിമ്പിക് സ്വർണത്തിളക്കത്തിലേക്ക് നെഞ്ചുയർത്തി നിൽക്കാൻ വേണ്ടി ഹോക്കി സ്റ്റിക്ക് ചലിപ്പിച്ച മാന്ത്രികൻ. അടുത്തിടെ അക്ഷയ് കുമാർ അഭിനയിച്ച 'ഗോൾഡ് ' എന്ന ഹിന്ദി സിനിമ ആവിഷ്കരിച്ചത് സ്വാതന്ത്രാനന്തര ഇന്ത്യൻ ഹോക്കി ടീമിന്റെ ഒളിമ്പിക്സ് വിജയത്തിന്റെ കഥയായിരുന്നു. ആ സിനിമയിൽ ബൽബീർസിംഗിനെ അനുസ്മരിപ്പിക്കുന്ന കഥാപാത്രം കാണികൾക്ക് ഏറെ ഇഷ്ടമായിരുന്നു.
അനുശോചന പ്രവാഹം
ഇന്നലെ അന്തരിച്ച ഹോക്കി ഇതിഹാസം ബൽബീർ സിംഗിന് രാജ്യം അന്ത്യാഞ്ജലികൾ അർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, കായികമന്ത്രി കിരൺ റിജിജു, സിനിമാതാരം അക്ഷയ് കുമാർ, ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് നരീന്ദർ ബത്ര തുടങ്ങിയവർ അനുശോചനം അറിയിച്ചു