തിരുവനന്തപുരം: വൃഷ്ടി പ്രദേശത്തെ മഴയിൽ നീരൊഴുക്ക് ശക്തമായതോടെ അരുവിക്കര ഡാം തുറന്നു. അഞ്ചു ഷട്ടറുകളിൽ മൂന്നാം നമ്പർ ഷട്ടറാണ് ഇന്നലെ രാത്രി 10.30ഓടെ 30 സെന്റീ മീറ്റർ ഉയർത്തിയത്. കരമനയാറിന് തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. നീരൊഴുക്കിന്റെ അളവനുസരിച്ച് കൂടുതൽ ഷട്ടറുകൾ തുറക്കുന്ന കാര്യം പരിഗണിക്കുമെന്ന് അരുവിക്കര ഡാം എ.ഇ അറിയിച്ചു. രാത്രി തിരുവനന്തപുരം ജില്ലയുടെ മലയോര പ്രദേശത്ത് മഴയുണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിട്ടി അറിയിച്ച പശ്ചാത്തലത്തിൽ അടിയന്തര സാഹചര്യമുണ്ടായാൽ ഡാം തുറക്കേണ്ടി വരുമെന്നു ജില്ലാ ഭരണകൂടം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.