pic

തിരുവനന്തപുരം: ലോക്ക് ഡൗൺ മൂലം മാറ്റിവച്ച ശേഷിക്കുന്ന എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് തുടക്കം. കനത്ത മുൻകുരതലോടെ രാവിലെ ഹയർസെക്കൻഡറി പരീക്ഷകൾ തുടങ്ങി. ഉച്ചയ്ക്കാണ് എസ്.എസ്.എൽ.സി പരീക്ഷ. സമ്പർക്കം ഒഴിവാക്കാൻ പരീക്ഷയ്ക്ക് നൽകുന്ന അധിക ഉത്തരക്കടലാസിലും ഹാൾ ടിക്കറ്റിലും ഇൻവിജിലേറ്റർമാർ ഒപ്പുവയ്ക്കില്ല. മോണോഗ്രാം പതിച്ച ഉത്തരക്കടലാസുകൾ ഇൻവിജിലേറ്റർമാർ ആദ്യ പേജിൽ ഒപ്പിട്ട ശേഷമാണ് വിദ്യാർത്ഥികൾക്ക് നൽകിയത്. പരീക്ഷ കഴിഞ്ഞ ശേഷം മോണോഗ്രാം പതിക്കേണ്ടതില്ല. ഉത്തരം എഴുതി അവസാനിപ്പിക്കുന്നതിന് താഴെ വിദ്യാർത്ഥികൾ ഡബിൾ ലൈൻ മാർക്ക് ചെയ്ത് അതിന് താഴെ ക്യാൻസൽഡ് എന്നെഴുതണം.

കുട്ടികൾ ധാരാളമുള്ള പരീക്ഷാകേന്ദ്രങ്ങളിലും മറ്റ് പ്രധാനയിടങ്ങളിലും പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. ഏതെങ്കിലും കാരണത്താൽ പരീക്ഷാകേന്ദ്രങ്ങളിൽ എത്താൻ കഴിയാത്ത കുട്ടികളെ പൊലീസ് വാഹനത്തിൽ എത്തിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു. പരീക്ഷാ കേന്ദ്രത്തിന് മുന്നിൽ കൂട്ടംകൂടി നിൽക്കാൻ അനുവദിക്കില്ല. പരീക്ഷയ്ക്ക് കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ സഞ്ചാരം തടസപ്പെടാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ജില്ല പൊലീസ് മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം വാഹനങ്ങൾ ഒരിടത്തും തടയില്ല.