വാഷിംഗ്ടൺ: കൊവിഡ് കുതിച്ചുയരുമ്പോൾ ഒരു കൂസലുമില്ലാതെ ജനങ്ങൾ ആഘോഷങ്ങളെല്ലാം പൊടിക്കുകയാണ്. ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ്ബാധിതരുള്ള അമേരിക്കയിൽ രോഗത്തെ ഭയന്ന് ആഘോഷങ്ങളൊന്നും ആരും വേണ്ടെന്ന് വയ്ക്കുന്നില്ല.
തെരുവുകളിലേക്ക് ജനങ്ങൾ കൂട്ടത്തോടെ ഇറങ്ങുകയാണ്. അമേരിക്കയുടെ ഫെഡറൽ ഹോളിഡേ ആയ മെമ്മോറിയൽ ഡേ ആഘോഷിക്കാൻ ഫ്‌ളോറിഡ, ജ്യോർജിയ, മിസ്സൌരി എന്നിവിടങ്ങളിലെ ബീച്ചുകളിലും റസ്റ്റോറന്റുകളിലും കൂട്ടമായിരുന്നു. സാമൂഹിക അകലമോ, സുരക്ഷാ മുൻകരുതലുകളോ ആരും പാലിച്ചില്ല. ആഘോഷം ഗംഭീരമായി തന്നെ നടന്നു. അപ്പോഴും രോഗികളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുകയായിരുന്നു.
പത്തൊൻപതിനായിരത്തിലേറെ പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 99,805 പേരാണ് മരിച്ചത്. മരണം ഒരുലക്ഷത്തോളം അടുക്കുമ്പോഴും ജനങ്ങൾ ആഘോഷങ്ങൾ മറക്കുന്നില്ല. രോഗവും ജീവിതവും എന്ന രീതിയിലേക്ക് അമേരിക്ക മാറുകയാണ്. പക്ഷേ, രോഗത്തിന് ഒരു കുറവുമില്ല. അമേരിക്കയിൽ രോഗികൾക്ക് നൽകുന്ന ഹൈഡ്രോക്സി ക്ലോറോക്വിൻ വിലക്കിക്കൊണ്ട് ലോകാരോഗ്യ സംഘടന രംഗത്തെത്തി. മലേറിയക്ക് നൽകുന്ന ഈ മരുന്ന് രോഗികളുടെ ആരോഗ്യത്തെ ബാധിക്കാനിടയുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.