pic

കണ്ണൂർ: ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ച ധർമ്മടം സ്വദേശിനിയുടെ മൃതദേഹം കൊവിഡ് അന്താരാഷ്ട്ര പ്രോട്ടോക്കോൾ പ്രകാരം ഇന്ന് സംസ്‌കരിക്കും. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 61 വയസുകാരിയായ ആസിയയാണ് ഇന്നലെ രാത്രി മരിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന ഇവർക്ക് രാത്രി 8.30 തോടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. 2002ൽ തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് ഇവർ ശസ്ത്രക്രിയ്ക്ക് വിധേയയായിരുന്നു. ഇവർക്ക് അപസ്മാരവും ഉണ്ടായിരുന്നു. നാഡീസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തലശേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ആദ്യം പ്രവേശിപ്പിച്ചത്. ഇതിനിടെ ന്യുമോണിയ ബാധയുണ്ടായി. ഇതിനെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ചാണ് കൊവിഡ് സ്ഥിരീകരിക്കുന്നതും തുടർന്ന് മെഡിക്കൽകോളേജ് ആശുപത്രിയിലാക്കിയതും.

ആസിയയുടെ മക്കൾ തലശേരിയിലെ മത്സ്യ വ്യാപാരികളാണ്. മറ്റുസംസ്ഥാനങ്ങളിലെ മത്സ്യ വ്യാപാരികളുമായി ബന്ധമുണ്ട്. അങ്ങനെയാണ് രോഗം ബാധിച്ചതെന്നാണ് കരുതുന്നത്. ഇവർക്ക് രോഗം വന്നത് എവിടെ നിന്നെന്ന് കണ്ടെത്താനായി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ആസിയയുടെ ഭർത്താവ്, മക്കൾ, ചെറുമകൻ, മക്കളുടെ ഭാര്യമാർ എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആസിയയെ കിടത്തി ചികിത്സിച്ച രണ്ട് ആശുപത്രികളിലെ നാൽപ്പതിലധികം ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിലാണ് . എന്നാൽ തലശേരിയിൽ ആസിയയെ ചികിത്സിച്ച ആശുപത്രിയിലെ ഡോക്ടർ അടക്കമുള്ള ആരോഗ്യപ്രവർത്തകരുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു.