റിയാദ്: കൊവിഡ് മൂലം സൗദി അറേബ്യയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് വ്യാഴാഴ്ച മുതൽ ഘട്ടംഘട്ടമായി ഇളവ് നൽകും. കൊവിഡ് കേസുകളുടെയും രോഗ മുക്തരാകുന്നവരുടെയും എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുക.
നിലവിലെ മുഴുസമയ കർഫ്യു അവസാനിക്കുന്ന വ്യാഴാഴ്ച മുതൽ പുതിയ ആരോഗ്യ നയം കൊണ്ടുവരുമെന്നാണ് സൂചന. കൂടുതൽ കൊവിഡ് പരിശോധനകൾ നടത്തുന്നതിന് വേണ്ട പദ്ധതികൾക്ക് രൂപം നൽകും. അതിവേഗം പരിശോധനകൾ പൂർത്തീകരിക്കുന്നതിനും ഗുരുതരവസ്ഥയിലുള്ളവർക്ക് കൂടുതൽ മെച്ചപ്പെട്ട ചികിത്സ ഉറപ്പ് വരുത്തുന്നതിനും പുതിയ നയത്തിൽ ഊന്നൽ നൽകാനാണ് നീക്കം.
പെരുന്നാളിന്റെ തലേദിവസം മുതൽ മുഴുവൻ സമയ കർഫ്യു നിലനിൽക്കുകയാണ്. ഈദ് അവധി ദിനങ്ങൾ അവസാനിക്കുന്ന ബുധനാഴ്ച വരെയാണ് മുഴുവൻസമയ കർഫ്യു പ്രഖ്യാപിച്ചിട്ടുള്ളത്.