web-q-

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള വെർച്വൽ ക്യൂ ആപ്പായ ബെവ്ക്യുവിന് ഗൂഗിൾ അനുമതി നൽകി. ഇതോടെ മദ്യ വിപണനവുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ എക്സൈസ് വകുപ്പ് ആരംഭിച്ചു. ആപ്പ് ഇന്നോ നാളെയോ നിലവിൽ വരും.മദ്യശാലകൾ തുറക്കാനുള്ള സാഹചര്യം മനസിലാക്കാൻ എക്സൈസ് മന്ത്രി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ചേർത്തിട്ടുണ്ട്.

ഏറ്റവും അനുയോജ്യമായാണ് സാങ്കേതിക വിദ്യായാണ് ആപ്പിൽ ഉപയോഗിച്ചിരിക്കുന്നതെന്നും സാധാരണ ഫോണിലും ആപ്പ് ഉപയോഗിക്കാമെന്നും ഫെയർ കോഡ് കമ്പനി അധികൃതർ വ്യക്തമാക്കി. ഓണ്‍ലൈൻ വഴി ടോക്കണെടുത്ത് മദ്യം വാങ്ങുന്നതിനുള്ള ആപ്പ് തയ്യാറാക്കുന്നതിൽ അനിശ്ചിതത്വം കഴിഞ്ഞ കുറേ ദിവസങ്ങളായി തുടരുകയായിരുന്നു. ഒരാഴ്ച മുമ്പ് കൊച്ചി ആസ്ഥാനമായ ഫെയർ കോഡ് കമ്പനി തയ്യാറാക്കിയ ആപ്പ് തിരഞ്ഞെടുത്തിരുന്നു. പക്ഷെ സർക്കാർ അംഗീകൃത ഏജൻസികള്‍ നടത്തിയ പരിശോധനയിൽ ആപ്പ് പരാജയപ്പെട്ടു. സുരക്ഷ ഏജൻസികള്‍ നിർദ്ദേശിച്ച ഏഴ് പോരായ്മകള്‍ പരിഹരിച്ച ശേഷമാണ് ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലേക്ക് അനുമതിക്കായി അയച്ചത്.

ഇന്ന് വൈകുന്നേരത്തിന് മുമ്പ് ഗൂഗിള്‍ നിന്നുള്ള അനുകൂല മറുപടിയാണ് ബെവ്ക്കോ പ്രതീക്ഷിക്കുന്നതെന്ന് കമ്പനി വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു. വൈകുന്നേരത്തോടെ ആപ്പ് പൊതുജനങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത ബുക്കിംഗിന് സൗകര്യമുണ്ടായാൽ നാളെ മദ്യശാലകള്‍ തുറക്കാനുള്ള നീക്കവും സംസ്ഥാനത്ത് നടക്കുന്നുണ്ട്.മദ്യശാലകൾ തുറക്കുന്നത് പല തവണ മാറ്റിവച്ചതിനാൽ അന്തിമതീരുമാനം എപ്പോഴെന്ന് ഔദ്യോഗികമായി പറയാൻ ബൈവ്കോ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. ഇന്ന് തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.