pic

തിരുവനന്തപുരം: സംസ്ഥാനത്ത് പരീക്ഷകൾ ആരംഭിക്കാൻ നിമിഷങ്ങൾ മാത്രം അവശേഷിക്കെ കാസ‍ർകോട് ജില്ലയിലെ ക‍ർണാടക സ്വദേശികളായ നിരവധി വിദ്യാ‍ർത്ഥികൾ പരീക്ഷ എഴുതാൻ എത്താതിരിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നു. 264 കുട്ടികൾ വരേണ്ടിടത്ത് എത്തിയത് 211 കുട്ടികൾ മാത്രമാണ്. 53 കുട്ടികൾ ഇതുവരെയും അതിർത്തി കടനെത്തിയില്ല. എത്താനുള്ളതിൽ കൂടുതലും എസ്.എസ്.എൽ.സി പരീക്ഷ എഴുതേണ്ടവരാണ്. ഇതിനോടകം പരീക്ഷ എഴുതാനായി തലപ്പാടി അതിർത്തിയിലെത്തിയ കുട്ടികളെ ജില്ലാ ഭരണകൂടമാണ് സ്കൂളുകളിലെത്തിച്ചത്.

പരീക്ഷ നടത്തിപ്പിന് വേണ്ട ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്നും ആ‍ർക്കും ആശങ്ക വേണ്ടെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബു പറഞ്ഞു. വിമ‍ർശനങ്ങൾ കൂടി ഉൾക്കൊണ്ടാണ് നടപടികൾ സ്വീകരിച്ചത്. കൊവിഡ് അതിജീവനത്തിന്റെ കൂടി ഭാ​ഗമാണ് പരീക്ഷ നടത്തിപ്പെന്നും പൊതുവിദ്യാഭ്യാസ ഡയറക്ട‍ർ വിശദീകരിച്ചു. ഇന്ന് ആരംഭിക്കുന്ന സ്കൂള്‍ പരീക്ഷകളുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി പ്രത്യേക മാ‍​ർ​ഗനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കുട്ടികളുമായി എത്തുന്ന ബസ്സുകള്‍ക്ക് സ്കൂള്‍ കോംപൗണ്ടിനകത്തേയ്ക്ക് പ്രവേശിക്കാവുന്നതാണ്. ഇതിന് സൗകര്യമില്ലാത്ത സ്കൂളുകളില്‍ ഗേറ്റിന് 100 മീറ്റര്‍ മുന്‍പായി ബസ് നിര്‍ത്തി കുട്ടികളെ ഇറക്കിയശേഷം അവരെ വരിയായി സാമൂഹ്യ അകലം പാലിച്ച് അച്ചടക്കത്തോടെ പരീക്ഷാഹാളിലേയ്ക്ക് കൊണ്ടു പോകണം. മറ്റ് വാഹനങ്ങളില്‍ എത്തുന്ന കുട്ടികള്‍ ഗേറ്റിന് 100 മീറ്റര്‍ മുന്‍പുതന്നെ വാഹനം നിര്‍ത്തി ഇറങ്ങി പരീക്ഷാഹാളിലേക്ക് പോകണം. ഒപ്പം വന്ന ഡ്രൈവറോ മാതാപിതാക്കളോ സ്കൂളിലേയ്ക്ക് പോകാന്‍ അനുവദിക്കില്ല. പരീക്ഷാസമയം തീരുന്നതുവരെ അവര്‍ കാത്തുനില്‍ക്കാതെ മടങ്ങേണ്ടതാണ്. കുട്ടിയെ തിരികെ കൊണ്ടുപോകാനായി പരീക്ഷ കഴിയുമ്പോള്‍ വീണ്ടും വന്നാല്‍ മതിയാകും.

പരീക്ഷാകേന്ദ്രങ്ങള്‍ക്കു മുന്നിലെ തിരക്ക് ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കാനും ഇത് സഹായിക്കും. ഈ നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.പരീക്ഷ കഴിയുമ്പോള്‍ തിരക്ക് ഒഴിവാക്കാനായി കുട്ടികളെ ഒരുമിച്ച് ഒരേസമയംതന്നെ പുറത്തിറക്കരുതെന്ന് സ്കൂള്‍ അധികൃതരോട് അഭ്യര്‍ഥിക്കും. സാമൂഹ്യ അകലം പാലിച്ച് വരിയായി വേണം കുട്ടികളെ പുറത്തേയ്ക്ക് വിടേണ്ടതെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.