ന്യൂഡൽഹി: കൊവിഡ് രോഗികളുടെ എണ്ണവും മരണ നിരക്കും കൂടുന്നത് ഇന്ത്യയെ നൊമ്പരപ്പെടുത്തുന്നു. ചില സംസ്ഥാനങ്ങളിൽ ഒരു രക്ഷയുമില്ലാതെ രോഗം കുതിച്ചുപായുന്നതാണ് ഇന്ത്യയ്ക്ക് വിനയായിരിക്കുന്നത്. രാജ്യത്ത് കൊവിഡ് മരണം 4000 കടന്നു. 154 പേർ കഴിഞ്ഞ 24 മണിക്കൂറിൽ മരിച്ചു. തുടർച്ചയായി അഞ്ചാം ദിവസവും 6000ത്തിന് മുകളിൽ പുതിയ കേസുകൾ രേഖപ്പെടുത്തിയതോടെ ലോക രാജ്യങ്ങളുടെ പട്ടികയിൽ ഇറാനെ പിന്തള്ളി ഇന്ത്യ പത്താമതായി.
30 ലക്ഷം പേരിൽ രോഗപരിശോധന നടത്തിയതുകൊണ്ടാണ് രോഗവർദ്ധന നിരക്ക് കൂടിയതെന്നാണ് ഐ.സി.എം.ആർ പറയുന്നത്. അപ്പോൾ രോഗം കണ്ടെത്താത്തവർ ഇനിയുമുണ്ടെന്ന് അർത്ഥം. ഇങ്ങനെ പോയാൽ എങ്ങനെയാകുമെന്നതിന് ഒരെത്തും പിടിയും കിട്ടാത്ത രീതിയിലായി. 6977 പുതിയ കേസും 154 മരണവുമാണ് കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത്. ആകെ കൊവിഡ് ബാധിതർ 1,38,845, മരണം 4021 രോഗം ഭേദമായവർ 57720.
ഡൽഹിയിൽ 13,418 രോഗബാധിതരും 508 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. തലസ്ഥാനത്ത് മൂന്ന് പുതിയ പ്രദേശങ്ങൾ കൂടി ചേർത്തതോടെ മൊത്തം നിയന്ത്രിത മേഖലകൾ 90 ആയി. ഡൽഹി ഗാസിയബാദ് അതിർത്തി അടച്ചു. ആവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി.
ഉത്തർപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 229 കേസുകൾ റിപ്പോർട്ട് ചെയ്തു. ഗുജറാത്തിൽ 14,063 രോഗബാധിതരും 344 മരണവുമാണ്. 72 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജസ്ഥാനിൽ രോഗബാധിതർ 7000 കടന്നു. മരണം 163.
പശ്ചിമ ബംഗാളിൽ രോഗബാധിതർ 4000ത്തോടടുത്തു. മരണം 200 കവിഞ്ഞു. മദ്ധ്യപ്രദേശിൽ രോഗബാധിതർ ഏഴായിരത്തോളം. മരണം 300. ബീഹാറിൽ 163 പുതിയ കേസുകളും അസമിൽ 13 കേസും റിപ്പോർട്ട് ചെയ്തു.
മഹാരാഷ്ട്രയിൽ സ്ഥിതി അതീവ ഗുരുതരമാണ്. ഇന്നലെ 60 പേർ മരിച്ചു. രോഗം പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് അടച്ചുപൂട്ടൽ അടുത്ത മാസവും തുടർന്നേക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കി. മുംബയിൽ മരണം 1026 ആയി. ഇന്നലെ മാത്രം മരിച്ചത് 38 പേർ. നഗരത്തിൽ 1430 പേർക്ക് കൂടി കൊവിഡ് കണ്ടെത്തി. സംസ്ഥാനത്ത് 2436 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ കേസുകൾ 52,667 ആയി ഉയർന്നു. തെലങ്കാനയിൽ ഇന്നലെ 66 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
രോഗബാധിതർ 1920 ആയി. 56 പേർ മരിച്ചു. കർണാടകയിൽ 93 പേർക്ക് കൂടി രോഗം കണ്ടെത്തി. മരണം 44 ആയി. രോഗബാധിതർ 2182 ആണ്.ആന്ധ്രാപ്രദേശിൽ 106 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. രോഗബാധിതർ 2886 ആയി. 56 പേർ മരിച്ചു. പുതുച്ചേരിയിൽ എട്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 49 ആയി.
തമിഴ്നാട്ടിൽ 7 പേരും കർണ്ണാടകയിൽ രണ്ടു പേരും ഇന്നലെ മരിച്ചു.