ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ 6535 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം രാജ്യത്ത് 1,45,380 ആയി ഉയർന്നു. മരണസംഖ്യ 4167 ആയി. 24 മണിക്കൂറിൽ 146 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. തുടർച്ചയായ അഞ്ചാം ദിവസവും ഇന്ത്യയിലെ പുതിയ കൊവിഡ് കേസുകളുടെ എണ്ണം ആറായിരത്തിന് മുകളിൽ എത്തിയത് ആശങ്ക ഉയർത്തുകയാണ്.
രാജ്യത്ത് ചികിത്സയിലുള്ളവരിൽ ഏതാണ്ട് പകുതിയും മഹാരാഷ്ട്രയിലാണ്. ഡൽഹിയിൽ 24 മണിക്കൂറിനുള്ളിൽ 635 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഡൽഹിയിൽ രോഗബാധിതരുടെ എണ്ണം 14053 ആയി. അതേസമയം, നാലാംഘട്ട ലോക്ഡൗൺ ഞായറാഴ്ച അവസാനിക്കാനിരിക്കെ സ്ഥിതി വിലയിരുത്താൻ കേന്ദ്രമന്ത്രിതല സമിതി ഇന്ന് യോഗം ചേരും.
ലോക്ഡൗൺ തുടരേണ്ടതുണ്ടോ എന്ന കാര്യത്തിൽ വെള്ളിയാഴ്ചയോടെ കേന്ദ്ര തീരുമാനം വന്നേക്കും. സംസ്ഥാനങ്ങളുടെ നിലപാട് കേന്ദ്രം വീണ്ടും തേടും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഷോപ്പിംഗ് മാളുകൾ, തിയേറ്റർ, ബാറുകൾ തുടങ്ങിയവയാണ് ദേശീയതലത്തിൽ ഇപ്പോഴും അടച്ചിട്ടിരിക്കുന്നത്. മെട്രോസർവ്വീസ് വീണ്ടും തുടങ്ങാനുള്ള അനുമതി നൽകിയേക്കും.ഭൂരിപക്ഷം മേഖലകളും തുറന്ന സാഹചര്യത്തിൽ ലോക്ഡൗൺ പിൻവലിക്കുക എന്ന നിർദ്ദേശം ഉയരുന്നുണ്ട്. എന്നാൽ ആരോഗ്യമന്ത്രാലയം ഇതിനോട് യോജിക്കുന്നില്ല.