കല്ലമ്പലം: മഴയിൽ വീട് പൂർണ്ണമായും തകർന്ന നിർദ്ധന കുടുംബത്തിന് ജനകീയ കമ്മിറ്റി പുതിയ വീട് നിർമ്മിച്ചു നൽകും. നഗരൂർ വെള്ളംകൊള്ളി കോട്ടയ്ക്കൽ ദേവകൃപയിൽ എൻ.തങ്കപ്പനും കുടുംബത്തിനുമാണ് വീട് നിർമ്മിച്ചു നൽകുന്നത്. വീടിന് ഇന്ന് അടൂർ പ്രകാശ് എം.പി തറക്കല്ലിടും. രാവിലെ 10 ന് കൂടുന്ന യോഗത്തിൽ നഗരൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.ഇബ്രാഹിം കുട്ടി അദ്ധ്യക്ഷത വഹിക്കും. കഴിഞ്ഞ ഏഴിന് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് വീട് തകർന്നത്. ഹൃദ്രോഗിയായ തങ്കപ്പൻ പക്ഷാഘാതത്തെ തുടർന്ന് കിടപ്പിലാണ്. ഭാര്യയും വിവാഹ പ്രായമായ രണ്ട് പെൺമക്കളും അടങ്ങുന്ന കുടുംബത്തിന് തലചായ്ക്കാൻ ഇടമില്ലാത്തതിന്റെ പ്രയാസങ്ങൾ നേരിട്ട് ബോദ്ധ്യപ്പെട്ട ജനകീയ കമ്മിറ്റി ജനങ്ങളുടെ സഹായത്തോടെ 900 ചതുരശ്രയടി വിസ്തീർണമുള്ള വീടാണു നിർമിക്കുന്നത്.