കോഴിക്കോട്: ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. കൊവിഡ് മുന്‍കരുതല്‍ ഉറപ്പാക്കിയും ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിച്ചും ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നാണ് കെ.പി.എ മജീദ് ആവശ്യപ്പെട്ടിരിക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ക്ക് പോലും പുറത്തിറങ്ങാനാവുന്ന രീതിയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതായി സര്‍ക്കാര്‍ പറയുന്നു. വിവാഹങ്ങളില്‍ അമ്പതു പേരെയും മരണാനന്തര ചടങ്ങില്‍ ഇരുപത് പേരെയും പങ്കെടുപ്പിക്കുന്നതിനും തടസമില്ല. ഷോപ്പുകളും ബസ് സര്‍വീസും ആരംഭിച്ചു. ഇത്രകാലവും എല്ലാ നിര്‍ദേശങ്ങളും പാലിച്ച ബോധമുള്ള ആരാധനാലയ അധികാരികളെ വിശ്വാസത്തിലെടുത്ത് സുരക്ഷാ മുന്‍ കരുതല്‍ സ്വീകരിച്ച് അവ തുറക്കാന്‍ അനുവദിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
പ്രാര്‍ത്ഥന വിശ്വാസികളുടെ വലിയ ആയുധവും ആത്മവിശ്വാസവുമാണ്. വ്യക്തിയുടെയും സമൂഹത്തിലെയും രാജ്യത്തിലെയും ലോകത്തിലെ തന്നെയും ആശങ്കകള്‍ നീങ്ങാന്‍ ആരാധനാലയങ്ങൾ പ്രാര്‍ത്ഥനാ നിര്‍ഭരമാവേണ്ടതുണ്ട്. സർക്കാർ ഇതിന് എതിരു നില്‍ക്കരുതെന്നും കെ.പി.എ മജീദ് പറയുന്നു.